‘ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണം; ‘പ്രത്യേക ‘ഏക്ഷനും പിപ്പിടി വിദ്യ’യുമൊക്കെ അടിമകളോട് മതി’; കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, June 30, 2022

 

പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ‘പിപ്പിടി വിദ്യയും’ ‘പ്രത്യേക ഏക്ഷനു’മൊക്കെ അതുകണ്ട് പേടിക്കുന്ന അടിമകളോട് മതിയെന്നും പരിഹാസം. എണ്ണമറ്റ ഉപദേശികളില്‍ വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കില്‍ ഉത്തരം തയാറാക്കി നിയമസഭയില്‍ വരാന്‍ ശ്രമിക്കണം. പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംൽഎമാർക്ക് പോലും ചിരിയാകും വരിക. പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ എംഎല്‍യ്ക്ക് അഭിവാദ്യങ്ങള്‍ നേരുന്നതായും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കെപിസിസി പ്രസിഡന്‍റിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

 

തന്റെ “പിപ്പിടിവിദ്യ”യും, “പ്രത്യേക ഏക്ഷനു”മൊക്കെ, അതുകണ്ട് പേടിക്കുന്ന അടിമകളോട് കാണിച്ചാൽ മതി പിണറായി വിജയൻ.
ബുദ്ധിയും ബോധവുമില്ലെന്ന തിരിച്ചറിവിൽ താങ്കളെ ഉപദേശിക്കാൻ വച്ച എണ്ണമറ്റ ഉപദേശികളിൽ, വിവരമുള്ള ഒരാളെങ്കിലും ഉണ്ടെങ്കിൽ അയാളോട് ചോദിച്ച് ഒരുത്തരം തയ്യാറാക്കി നിയമസഭയിൽ വരിക. അല്ലാത്തപക്ഷം, സഭയിൽ ഉയരുന്ന ചോദ്യങ്ങൾക്ക് മുൻപിൽ ഇളിഭ്യനായി ഇനിയും കുറേയധികം കാലം നിൽക്കേണ്ടി വരും.
കേരളത്തിന്‌ കേൾക്കേണ്ടത് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളാണ്. അതിന് മറുപടിയായി പാറപ്രത്തെ പഴയ ഗുണ്ടാശൈലിയിൽ ആക്രോശിച്ചാൽ, കൂടെ ഇരിക്കുന്ന പുതുതലമുറയിലെ സിപിഎം എംൽഎമാർക്ക് പോലും ചിരിയാകും വരിക.
നിയമസഭയിൽ ശ്രീ മാത്യു കുഴൽനാടൻ പറഞ്ഞതിനെ സാധൂകരിക്കുന്ന തെളിവുകൾ അദ്ദേഹം പുറത്ത് വിട്ടിട്ടുണ്ട്. ഇനി മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. പഴഞ്ചൊല്ലുകളും പഞ്ചതന്ത്രകഥകളും കേരളത്തിലെ ഓരോ കൊച്ചുകുട്ടിക്കും കാണാപാഠമാണ്. ഇനിയും അവയെ ആശ്രയിച്ച് മലയാള സാഹിത്യത്തെ അപമാനിക്കരുത്. കൊലയാളിക്കും കൊള്ളക്കാരനും ജനങ്ങളെ കബളിപ്പിക്കാൻ എടുത്തുപയോഗിക്കാനുള്ള ആയുധങ്ങളല്ല അവ.
പിണറായി വിജയനെന്ന പെരും നുണയനെ പൊതുസമൂഹത്തിന് മുന്നിൽ തുറന്നു കാണിച്ച മാത്യു കുഴൽനാടൻ MLA യ്ക്ക് അഭിവാദ്യങ്ങൾ.