കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിനെ പൂർണ്ണമായും കൊവിഡ് ചികിത്സാകേന്ദ്രമായി മാറ്റണം : കെ സുധാകരൻ എം.പി

Jaihind Webdesk
Friday, April 23, 2021

കണ്ണൂർ : കൊവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലും ജില്ലയിലെ കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്നതിനാലും നിലവിൽ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സൗകര്യങ്ങളുടെ അപര്യാപ്തത കണക്കിലെടുത്തും കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിനെ പൂർണമായും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിനുള്ള കേന്ദ്രമായി മാറ്റണമെന്നാവശ്യപ്പെട്ട് കെ സുധാകരൻ എം.പി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർക്ക് കത്ത് നൽകി.

പരിയാരത്തെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലെ ഹൃദയ രോഗ ചികിത്സാ വിഭാഗം ഒഴികെ ബാക്കിയുള്ള മുഴുവൻ സൗകര്യങ്ങളും കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിന് ഉപയോഗപ്പെടുത്തണമെന്നും തലശ്ശേരിയിലെ ഓക്സിജൻ പ്ലാന്‍റ് പ്രവർത്തനം ധ്രുതഗതിയിൽ ആരംഭിക്കണമെന്നും, കൊവിഡ് വാക്സിനും ചികിത്സാ മരുന്നുകളുടെ ലഭ്യതയും ആവശ്യമായ തോതിൽ ഉറപ്പുവരുത്തണമെന്നും ആരോഗ്യമന്ത്രിക്ക് നല്കിയ കത്തിലൂടെ കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.