അന്യസംസ്ഥാനങ്ങളിലുള്ള മലയാളികളോട് കരുണ കാണിക്കാൻ സർക്കാർ തയ്യാറാവണം: കെ സുധാകരൻ എം.പി

Jaihind News Bureau
Monday, May 11, 2020

ലോക്ഡൗൺ മൂലം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അനേകായിരം മലയാളികൾ നാട്ടിലേക്ക് തിരിച്ചു വരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ട് ആശങ്കാകുലരായി കഴിയുമ്പോൾ വേണ്ട സഹായങ്ങൾ ചെയ്യാതെ യാത്രാസൗകര്യങ്ങൾ ഒരുക്കാതെ ഇരുട്ടിൽതപ്പുന്ന സർക്കാർ സമീപനം തിരുത്തണമെന്നും വളരെ അടിയന്തിരമായും ട്രെയിൻ സൗകര്യം ഒരുക്കി അന്യസംസ്ഥാനങ്ങളിൽ ജോലിതേടി പോയ നേഴ്സുമാർ ഉൾപ്പെടെയുള്ളവരെയും വിദ്യാർത്ഥികളെയും സ്വദേശത്ത് എത്തിക്കുന്ന കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നും കരുണയില്ലാത്ത രൂപത്തിൽ സർക്കാർ പെരുമാറരുതെന്നും കെ. സുധാകരൻ എം.പി ആവശ്യപ്പെട്ടു.

ഒട്ടേറെ മലയാളികൾ ഇന്ത്യയിലെ പല സ്ഥലങ്ങളിൽ നിന്നും നിസ്സഹായരായി സഹായത്തിന് വേണ്ടി ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവരെ വിളിച്ചു കൊണ്ടിരിക്കുകയാണ്. അന്യസംസ്ഥാനത്ത് തൊഴിലെടുക്കുന്നവരും പരിമിതമായ സാമ്പത്തിക സൗകര്യമുള്ളവരും ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്ത് നില്ക്കുന്നവർ ഉൾപ്പെടെ നാട്ടിലേക്ക് വരുന്നതിന് വേണ്ടി കേഴുമ്പോൾ സഹായത്തിനായി സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത് ക്രൂരമാണ്.

ഇന്ത്യയുടെ പല ഭാഗങ്ങളിലും മലയാളികൾ ആശങ്കയോടെ നിരാശയിൽ കഴിയുമ്പോൾ ഇവരുടെ കൺമുന്നിലൂടെ ആ സംസ്ഥാനത്തെ ജനങ്ങളെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻ മുഖാന്തരവും വാഹന സൗകര്യങ്ങൾ ഒരുക്കിയും ഭരണകൂടം എത്തിച്ചു കൊണ്ടിരിക്കുമ്പോൾ കേരളം മാത്രം നിഷേധാത്മക സമീപനം സ്വീകരിക്കുന്നതും ഇരുട്ടിൽ തപ്പുന്നതും ഭരണകൂടത്തിന്‍റെ  അന്തസ്സിന് ചേർന്ന ശരിയായ നടപടിയല്ല.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി ലോകമെമ്പാടുമുള്ള മലയാളികളിൽ നിന്ന് സംഭാവനകൾ വാങ്ങിയ സർക്കാർ ആ പണം ഗുണപ്രദമായി ജന ക്ഷേമത്തിനുവേണ്ടി വിനിയോഗിക്കണം. പ്രളയത്തിൽ തകർന്ന കേരളത്തെ പുനസൃഷ്ടിക്കാൻ ഉൾപ്പെടെ മണലാരണ്യത്തിൽ കഷ്ടപ്പെട്ട്  നാടിന് സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കിയ പ്രവാസികൾ നാട്ടിലേക്ക് തിരിച്ച് വന്നപ്പോൾ
ആവശ്യമായ ക്വാറന്‍റീന്‍ സൗകര്യങ്ങൾ പോലും ഒരുക്കാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമെന്ന നാണകേടിലേക്ക് കേരളത്തെ എത്തിക്കരുതെന്നും ആവശ്യമായ ക്വാറന്‍റീന്‍ സൗകര്യം ഒരുക്കണമെന്നും, അന്യസംസ്ഥാനത്തുള്ള മലയാളികളോടും നാട്ടിലേക്ക് വരുന്ന പ്രവാസികളോടും ആത്മാർത്ഥമായ സമീപനം സ്വീകരിക്കാതെ ഇരട്ടത്താപ്പും വാചകക്കസർത്തും നടത്തുന്ന മുഖ്യമന്ത്രിയുടെ സമീപനം തിരുത്തണമെന്നും കെ.സുധാകരൻ എം.പി പ്രസ്താവനയിൽ പറഞ്ഞു.