‘ലക്ഷ്യം പണം മാത്രം, സ്വന്തം പാർട്ടി പോലും തള്ളിപ്പറയുന്ന നിലയിലേക്ക് പിണറായി എത്തി’: കെ. സുധാകരന്‍ എംപി

 

പത്തനംതിട്ട: സ്വന്തം പാർട്ടി തള്ളിപ്പറയുന്ന നിലയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപി. പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ നടന്ന കോൺഗ്രസ് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ തോമസ് ഐസക്കും ജി. സുധാകരനും എം.എ. ബേബിയുമെല്ലാം മുഖ്യമന്ത്രിയെയും സർക്കാരിനെയും തള്ളിപ്പറഞ്ഞു കഴിഞ്ഞു. അതുപോലെ പത്രസമ്മേളനം നടത്തി ഈ ഗവൺമെന്‍റിനോട് വിയോജിക്കുന്നു എന്നു പറഞ്ഞ സിപിഐ ആണ് സർക്കാരിലെ രണ്ടാമത്തെ വലിയ ഘടകകക്ഷി. കൊല്ലത്ത് സിപിഎമ്മിന്‍റെ ജില്ലാ സമ്മേളനത്തിൽ പിണറായി വിജയനെ വിമർശിച്ചവരും അനുകൂലിക്കുന്നവരും തമ്മിൽ അടിപിടിയും ഉണ്ടായി. ഇതൊന്നും സിപിഎമ്മിൽ പതിവുള്ളതായിരുന്നില്ല. മുഖ്യമന്ത്രിക്ക് തനിക്കും കുടുംബത്തിനും പണമുണ്ടാക്കുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രമാണുള്ളതെന്നും കെ. സുധാകരൻ കുറ്റപ്പെടുത്തി.

വരുന്ന പാർലമെന്‍റ് തിരഞ്ഞെടുപ്പിലും പിന്നീട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും പത്തനംതിട്ട ജില്ലയിലെ 5 മണ്ഡലങ്ങളിലും ഭൂരിപക്ഷമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റ മനസ്സായി പ്രവർത്തിക്കണമെന്ന് പ്രവർത്തക കൺവൻഷനിൽ കെപിസിസി പ്രസിഡന്‍റ് പറഞ്ഞു. സംസ്ഥാനത്ത് തന്നെ ആദ്യമായി 90% ബൂത്തുകളിലും കമ്മിറ്റികൾ രൂപീകരിച്ച ജില്ലാ കോൺഗ്രസ് കമ്മറ്റിയേയും മഹിളാ കോൺ ഗ്രസ് ജില്ലാ നേതൃത്വത്തെയും കെ. സുധാകരൻ അഭിനന്ദിച്ചു.

പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിലിന്‍റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യ പ്രഭാഷണം നടത്തി. കോൺഗ്രസ് വർക്കിംഗ് കമ്മറ്റി അംഗം കൊടിക്കുന്നിൽ സുരേഷ് എംപി, ആന്‍റോ ആന്‍റണി എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ എം.എൻ. നസീർ, അഡ്വ. പഴകുളം മധു, ജി. സുബോധൻ, കെപിസിസി അംഗങ്ങളായ കെ. ശിവദാസൻ നായർ, പി. മോഹൻരാജ്, പന്തളം സുധാകരൻ, മാലേത്ത് സരളാദേവി, ജോർജ് മാമൻ കൊണ്ടൂർ, രാഹുൽ മാങ്കൂട്ടത്തിൽ, ഡിസിസി വൈസ് പ്രസിഡന്‍റ് അഡ്വ. കെ. സുരേഷ് കുമാർ, എം.ജി. കണ്ണൻ, രജനി പ്രദീപ്, ജ്യോതികുമാർ ചാമക്കാല, എ. ഷംസുദീൻ , റിങ്കു ചെറിയാൻ, അനിൽ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Comments (0)
Add Comment