കെ റെയില്‍ കല്ലുകള്‍ പിഴുതെറിയും, പിണറായിയുടെ കണ്ണ് കമ്മീഷനില്‍; യുദ്ധത്തിനൊരുങ്ങി കോണ്‍ഗ്രസ്

Jaihind Webdesk
Tuesday, January 4, 2022

തിരുവനന്തപുരം: സില്‍വർ ലൈന്‍ പദ്ധതിയെ യുദ്ധസന്നാഹത്തോടെ തടയുമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയില്‍ കേരളത്തിലെ റോഡ്-റെയില്‍ വികസനത്തെ ഇല്ലാതാക്കുമെന്ന് കെപിസിസി പ്രസിഡന്‍റ് ചൂണ്ടിക്കാട്ടി.  പദ്ധതിയുടെ അഞ്ച് ശതമാനം കമ്മീഷനിലാണ് മുഖ്യമന്ത്രിയുടെ കണ്ണെന്നും അദ്ദേഹം ആരോപിച്ചു.

സില്‍വർ ലൈന്‍ കാലഹരണപ്പെട്ട ടെക്നോളജിയാണെന്ന് കെ സുധാകരന്‍ എംപി പറഞ്ഞു. കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയാണിത്. പദ്ധതിയുടെ പൂർണ്ണവിവരം ജനങ്ങളെ ബോധ്യപ്പെടുത്താതെ മുന്നോട്ടുപോകാന്‍ സർക്കാരിനെ അനുവദിക്കില്ല. കോടതിയെ പോലും മാനിക്കാതെയാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നത്. സർക്കാർ വാശിയോടെ നീങ്ങിയാല്‍ കോണ്‍ഗ്രസ് യുദ്ധസന്നാഹത്തോടെ രംഗത്തിറങ്ങും. സർവേ കല്ലുകള്‍ പിഴുതെറിയും. പദ്ധതിയുടെ രക്തസാക്ഷിയാേകണ്ടിവരുന്നവരെ പ്രക്ഷോഭത്തില്‍ അണിനിരത്തും. വീടുകള്‍ തോറും സന്ദർശിച്ച് പദ്ധതിയുടെ ആഘാതം ജനങ്ങളെ ബോധ്യപ്പെടുത്തും.

പ്രതിപക്ഷത്തിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രിക്ക് ഉത്തരമില്ല. യുഡിഎഫ് വിഷയം പഠിച്ച ശേഷമാണ് നിലപാട് എടുത്തത്. സില്‍വർ ലൈനിനായി മുഖ്യമന്ത്രി വാശി പിടിക്കുന്നത് പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന കമ്മീഷനും ലാവലിനിലെ നേട്ടവും ഓർത്താണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു കെപിസിസി അധ്യക്ഷന്‍.