അതിക്രമങ്ങളെ ന്യായീകരിക്കലല്ല പൊലീസ് മന്ത്രിയുടെ ജോലി; കേരളം പൊലീസ് സ്റ്റേറ്റോ എന്ന് കെ സുധാകരന്‍ എം.പി

Jaihind Webdesk
Friday, August 6, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാരായ ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ഭീമമായ പിഴചുമത്തുകയും  ചെയ്യുന്ന പൊലീസ് നടപടിക്കെതിരെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പി. കൊവിഡ് പ്രതിരോധത്തില്‍ സർക്കാരിന്‍റെ പരാജയം മറച്ചുപിടിക്കാന്‍ പൊലീസിനെ ഉപയോഗിച്ച് ജനങ്ങള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുന്നത് തുടർന്നാല്‍ കേരളത്തിലെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളും ഉപരോധിക്കുമെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു.

ജീവിക്കാനുള്ള വക കണ്ടെത്താനായി റോഡിലിറങ്ങുന്നവരെ ഭീഷണിപ്പെടുത്തിയും തെറി പറഞ്ഞ് അപമാനിച്ചും ഭീമമായ തുക ഫൈൻ അടിച്ചും പോലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണ്. വാക്സിനേഷന്‍ സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളിൽ പോലും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേൽ കുതിര കയറാനുള്ള ലൈസൻസ് ആണെന്നും കെ സുധാകരന്‍ എം.പി ചൂണ്ടിക്കാട്ടി. പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല മറിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണെന്ന് പിണറായി വിജയന്‍ മനസിലാക്കണമെന്നും കെപിസിസി പ്രസിഡന്‍റ് ഓർമ്മിപ്പിച്ചു.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എം.പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം:

പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കലല്ല പോലീസ് മന്ത്രിയുടെ ഏക ജോലി എന്ന് പിണറായി വിജയൻ മനസിലാക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനാണ് പോലീസ് മന്ത്രി. ചെറുകിട വ്യാപാരികളും തൊഴിലാളികളും കച്ചവടക്കാരും റോഡിലിറങ്ങുന്നത് അവർക്ക് ജീവിക്കാനുള്ള വക കണ്ടെത്താനാണ്. വീട്ടിലെ കുഞ്ഞു മക്കൾക്ക് ഭക്ഷണവും വസ്ത്രവും വാങ്ങാനാണ്. ഏതെങ്കിലും ഒരു പെട്ടിക്കടക്കാരൻ രാത്രി വൈകിയും ഉറങ്ങാതെ കട തുറന്ന് വെച്ച് ഇരിക്കുന്നുണ്ടെങ്കിൽ സർക്കാർ ഇളവ് നൽകാൻ തയ്യാറാവാത്ത ലോണിന്‍റെ പലിശ തിരിച്ചടയ്ക്കാനോ വീട്ടിലേക്ക് ഒരു നേരത്തെ ആഹാരം വാങ്ങാനോ, വീട്ടു വാടക കൊടുക്കാനൊ, പ്രായമായ അച്ഛനമ്മമാർക്ക് മരുന്ന് വാങ്ങാനോ ഒക്കെ ആണെന്ന് മനസിലാക്കണം. അവരെ ഭീഷണിപ്പെടുത്തിയും തെറി പറഞ്ഞ് അപമാനിച്ചും ഭീമമായ തുക ഫൈൻ അടിച്ചും പോലീസ് കാട്ടുന്നത് പിടിച്ചുപറിയും അക്രമവുമാണ്. വാക്സിൻ എടുത്തു എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ കടകളിൽ പോലും പ്രവേശിപ്പിക്കരുതെന്ന സർക്കാർ നിർദ്ദേശം പോലീസിന് വീണ്ടും ജനങ്ങളുടെ മേൽ കുതിര കയറാനുള്ള ലൈസൻസ് ആണ്.

സ്വന്തക്കാർക്ക് പിൻവാതിൽ വഴി വാക്സീൻ തിരിമറി നടത്തി കൊടുക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കൊണ്ടിരിക്കുന്നതിനിടയിലാണ് പുതിയ നീക്കം. സർക്കാരിന്‍റെ കഴിവ് കേട് കൊണ്ട് വാക്സീൻ ഇനിയും ലഭിക്കാത്തവരുടെ സ്വാതന്ത്യം പോലും ഹനിക്കുന്നത് ഭരണഘടനാ ലംഘനവും ജനാധിപത്യ വിരുദ്ധവുമാണ്. പാർട്ടിക്കാർക്കും ഇഷ്ടക്കാർക്കും വാക്സിനും തൊഴിൽ നിയമനവും മറ്റാനുകൂല്യങ്ങളും പിൻവാതിൽ വഴി നൽകുകയും ബാക്കിയുള്ളവരുടെ സഞ്ചാര സ്വാതന്ത്യം പോലും തടഞ്ഞ് അവരെ ആത്മഹത്യയിലേക്ക് തള്ളി വിടുകയും ജീവിക്കാൻ വേണ്ടി പോരാടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയും ചെയ്യുന്നത് ഒരു ജനാധിപത്യത്തിന് മരണവാറണ്ട് എഴുതുന്നതിന് തുല്യമാണ്.

കോവിഡ് പ്രതിരോധത്തിൽ സർക്കാരിന്‍റെ പരാജയം മറച്ചു പിടിക്കാൻ ജനങ്ങൾക്ക് നേരെ പോലീസിനെ ഉപയോഗിച്ച് അക്രമം അഴിച്ചുവിടുന്ന പരിപാടി തുടർന്നാൽ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും കോൺഗ്രസ് പ്രവർത്തകർ ഉപരോധിക്കും.