കോൺഗ്രസ് തകർന്നാൽ ഇന്ത്യ തകരുമെന്ന് കെ സുധാകരന്‍ എംപി; രാഹുല്‍ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നൈറ്റ് മാർച്ച്

Jaihind Webdesk
Thursday, April 13, 2023

 

തൃശൂർ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൃശൂരിൽ നടന്ന ജനകീയ റാലി മോദി ഭരണകൂടത്തിന് താക്കീതായി മാറി. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും വെല്ലുവിളി നേരിന്നുവെന്ന് കെ സുധാകരൻ പറഞ്ഞു.

രാജ്യത്തിന്‍റെ പുരോഗതിക്ക് അടിസ്ഥാനമിട്ടത് കോൺഗ്രസാണെന്ന് കെ സുധാകരൻ ഓർമിപ്പിച്ചു. കോൺഗ്രസ് സമ്മാനിച്ച നേട്ടങ്ങളെല്ലാം ബിജെപി സർക്കാർ തകർക്കുകയാണ്. കോൺഗ്രസ് തകർന്നാൽ ഇന്ത്യ തകരും. ഇന്ത്യ നിലനിൽക്കണമെങ്കിൽ കോൺഗ്രസ് വളരണമെന്നും കെ സുധാകരൻ എംപി ഓർമിപ്പിച്ചു.

തൃശൂർ പടിഞ്ഞാറേ കോട്ടയിൽ നിന്നാണ് നൈറ്റ് മാർച്ച് ആരംഭിച്ചത്. നൂറു കണക്കിന് കോൺഗ്രസ് പ്രവർത്തകർ അണി നിരന്ന മാർച്ച് സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ ഓഫീസിന് മുന്നിൽ സമാപിച്ചു. നൈറ്റ് മാർച്ചിന് കെപിസിസി പ്രസിഡന്‍റ്‌ കെ സുധാകരൻ എംപി, ഡിസിസി പ്രസിഡന്‍റ്‌ ജോസ് വള്ളൂർ, എംപിമാരായ ടി.എൻ പ്രതാപൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, സനീഷ് കുമാർ ജോസഫ് എംഎൽഎ തുടങ്ങിയവർ നേതൃത്വം നൽകി.