സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് കുടപിടിക്കുന്നു; മുഖ്യമന്ത്രിക്ക് സമനില തെറ്റിയെന്ന് കെ. സുധാകരന്‍ എംപി

Friday, December 15, 2023

ആലപ്പുഴ: നവകേരള സദസ് ജനം തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് അതിന്‍റെ കലിപ്പ് തീര്‍ക്കാന്‍ മുഖ്യമന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥരും സിപിഎം ക്രിമിനലുകളും വഴിയില്‍ കാണുന്നവരെയെല്ലാം തല്ലിച്ചതയ്ക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കളെയും കായികമായി തുടരെ ആക്രമിക്കുന്നത് തീക്കൊള്ളികൊണ്ട് തലചൊറിയുന്ന പണിയാണെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഓര്‍ത്താല്‍ നല്ലതാണെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

മുദ്രാവാക്യം വിളിച്ചതിന്‍റെ പേരില്‍ ആലപ്പുഴയില്‍ കെഎസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും പോലീസും മൃഗീയമായിട്ടാണ് മര്‍ദ്ദിച്ചത്. ലാത്തികൊണ്ടുള്ള അടിയേറ്റ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെ തലക്ക് പരിക്കേറ്റ്. ഇതിന് തൊട്ടുപിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി എം.ജെ. ജോബിന്‍റെ വീട് സിപിഎമ്മുകാരും സിഐടിയും ചേര്‍ന്ന് ആക്രമിക്കുകയും അദ്ദേഹത്തിന്‍റെ ഭാര്യയുടെ കഴുത്തിന് പിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ ആഹ്വാന പ്രകാരമാണ് സിപിഎം ക്രിമിനലുകളും പോലീസും വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുന്നത്. ഇപ്പോഴത് ഒരു പടികൂടി കടന്ന് വീട്ടിലുള്ള സ്ത്രീകള്‍ക്കെതിരെയും ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ്. കയറൂരിവിട്ട ക്രിമിനലുകളായ അണികളെ നിലയ്ക്ക് നിര്‍ത്താന്‍ സിപിഎം തയാറായില്ലെങ്കില്‍ ശക്തമായി തന്നെ കോണ്‍ഗ്രസിനും തിരിച്ചടിക്കേണ്ടി വരുമെന്നും സിപിഎം ക്രിമിനലുകളുടെ അഴിഞ്ഞാട്ടത്തിന് പോലീസ് കുടപിടിക്കുകയാണെന്നും കെ. സുധാകരന്‍ പറഞ്ഞു.