ദീര്‍ഘകാല കരാറിനുള്ള അനുമതി ജനങ്ങളെ പറ്റിക്കാനെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, December 20, 2024

തിരുവനന്തപുരം: വൈദ്യുത ബോര്‍ഡില്‍ വൈദ്യുതി വാങ്ങുന്നതിന് ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുവാന്‍ അനുമതി നല്‍കിയത് ജനങ്ങളെ പറ്റിക്കാനാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

വൈദ്യുത ബോര്‍ഡിന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുവാന്‍ ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുത്തുന്നതിനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ഇപ്പോള്‍ അനുമതി നല്കിയിരിക്കുന്നത്. 4 രൂപ 29 പൈസ നിരക്കില്‍ 2042 വരെ വൈദ്യുതി വാങ്ങുന്നതിന് നേരത്തെ ഏര്‍പ്പെട്ടിരുന്ന കരാര്‍ റദ്ദ് ചെയ്തത് പരമ അബദ്ധമായിപ്പോയെന്ന ചിന്തയില്‍നിന്നാണ് ഈ നടപടി ഉണ്ടായത്. നേരത്തെ ഉണ്ടായിരുന്ന 4 രൂപ 29 പൈസയില്‍ കുറഞ്ഞ നിരക്കില്‍ വൈദ്യുതി കരാറില്‍ ഏര്‍പ്പെടാന്‍ ആരും തയ്യാറാവില്ല. അതുകൊണ്ടുതന്നെ പുതിയ അനുമതി ജനങ്ങളെ പറ്റിക്കാനാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

കാര്‍ബൊറാണ്ടം കമ്പനിക്ക് മണിയാര്‍ ജലവൈദ്യുതി പദ്ധതിയുടെ കരാര്‍ നീട്ടി നല്‍കുവാന്‍ വകുപ്പുമന്ത്രിയും സിപിഐ മന്ത്രിമാരും അറിയാതെ മുഖ്യമന്ത്രിയും, വ്യവസായ മന്ത്രിയും ചേര്‍ന്ന് നടത്തുന്ന ശ്രമങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. മൂന്ന് പതിറ്റാണ്ട് കാലത്തെ കരാര്‍ കാലാവധിയില്‍ പുതിയ ഒരു സംരംഭത്തിന് പോലും കല്ലിലടല്‍ നടത്താത്ത കമ്പനിയാണ് കരാര്‍ പുതുക്കിയാല്‍ ഏഴ് പുതിയ വ്യവസായങ്ങള്‍ കൂടി തുടങ്ങുമെന്ന പൊള്ളയായ വാഗ്ദാനം നല്‍കുന്നത്.30 വര്‍ഷം കൊണ്ട് 300 കോടി രൂപയുടെ ലാഭം ഉണ്ടാക്കിയ കമ്പനിക്ക് വീണ്ടും 25 വര്‍ഷം കൂടെ അനുവദിക്കുന്നത് സ്ഥാപിത താല്‍പര്യങ്ങളാണ്. ഇതില്‍ കൊടിയ അഴിമതിയുണ്ട്. ഇതിനെതിരേ കോണ്‍ഗ്രസ് നിയമ രാഷ്ട്രീയപോരാട്ടം നടത്തുമെന്ന് സുധാകരന്‍ പറഞ്ഞു.