‘തന്‍റെ യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെടുമ്പോള്‍ കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തന്‍ നായ്ക്കളെ തുറന്നുവിടും’: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെ സുധാകരന്‍ എംപി

Jaihind Webdesk
Friday, July 15, 2022

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സിപിഎമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കയ്യടിക്കാനും സിപിഎമ്മിൽ ആളുകളുണ്ട്. അതേസമയം കമ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റും എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ് എംഎം മണിയെന്നും നിയമസഭയിൽ കെ.കെ രമയെ അധിക്ഷേപിച്ചതിലൂടെ പുറത്തായത് എംഎം മണിയെന്ന മൂന്നാംകിട രാഷ്ട്രീയക്കാരന്‍റെ മുഖമാണെന്നും അദേഹം പറഞ്ഞു. കെ.കെ രമ കേരളത്തിന്‍റെ സ്ത്രീമുന്നേറ്റത്തിന്‍റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവർ ഇവിടെ വരെയെത്തിയത്. ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോൺഗ്രസ് ഉണ്ടാകുമെന്നും കെ സുധാകരൻ എംപി ഫേസ്ബുക്കിൽ കുറിച്ചു.

കെ സുധാകരൻ എംപിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

പേ പിടിച്ചൊരു അടിമക്കൂട്ടത്തെ ചുറ്റിനും നിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കേരളത്തിലെ ഏക രാഷ്ട്രീയക്കാരനാണ് പിണറായി വിജയൻ.
തന്റെ യഥാർത്ഥ മുഖം ഓരോ തവണ പൊതുസമൂഹത്തിന് മുന്നിൽ അനാവരണം ചെയ്യപ്പെടുമ്പോഴും, കൂട്ടിലിട്ട് വളർത്തുന്ന ഭ്രാന്തൻ നായ്ക്കളെ അദ്ദേഹം തുറന്നുവിടും. നിരായുധരും നിർദ്ദോഷികളുമായ മനുഷ്യരെ അവ ചെന്ന് ആക്രമിക്കും. ഈ പ്രവൃത്തിയെ ധീരതയായി കണ്ട് കൈയ്യടിക്കാനും സിപിഎമ്മിൽ ആളുകളുണ്ട്. ഒരുപക്ഷെ സിപിഎം എന്നൊരു പാർട്ടിയിൽ മാത്രമേ അത്തരക്കാർ ഉണ്ടാവുകയുള്ളൂ.
കമ്മ്യൂണിസമെന്ന പ്രത്യയശാസ്ത്രത്തിന് ഒരാളെ എത്രത്തോളം പൈശാചികമാക്കി മാറ്റാൻ പറ്റും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് നിയമസഭയിൽ കെ കെ രമയെ അധിക്ഷേപിച്ച അറുവഷളനായ മൂന്നാംകിട രാഷ്ട്രീയക്കാരൻ. ആ ‘നീച ജന്മവും’ കേരളത്തിന്റെ മണ്ണിലാണ് ജീവിക്കുന്നത് എന്നതിൽ ഓരോ മലയാളിയും തലകുനിക്കുന്നു.
സിപിഎമ്മിന്റെ കൊടി ഒരു തവണയെങ്കിലും പിടിച്ച പെൺകുട്ടികളെ സ്നേഹത്തോടെ ഓർമിപ്പിക്കുകയാണ്, ശാക്തീകരണത്തിന്റെ ആട്ടിൻതോലണിഞ്ഞ ഇവരുടെ യഥാർത്ഥ മുഖം കാണുന്ന ദിവസമായിരിക്കും കഥകളിൽ കേട്ടറിഞ്ഞ രാക്ഷസന്മാരേക്കാൾ ക്രൂരരായ മനുഷ്യർ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കുക!
കെ കെ രമ കേരളത്തിന്റെ സ്ത്രീമുന്നേറ്റത്തിന്റെ പ്രതീകമാണ്. ഈ നാട് കണ്ട ഏറ്റവും നീചരായ മനുഷ്യരെ മുഴുവനും വെല്ലുവിളിച്ചുകൊണ്ടാണവർ ഇവിടെ വരെയെത്തിയത്. അതിനവർക്ക് പിന്തുണ കൊടുത്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസാണ്. അതിനിയും തുടരും.
ഏത് പ്രതിസന്ധിയിലും രമയ്ക്ക് താങ്ങായി കോൺഗ്രസ് ഉണ്ടാകും….