ഓണക്കാലത്തും കുടിശിക തീര്‍ത്ത് ശമ്പളം കൊടുക്കാത്ത നിലപാട് മനുഷ്യത്വരഹിതം: കെ സുധാകരന്‍ എംപി

Jaihind Webdesk
Saturday, September 3, 2022

 


ഓണക്കാലത്ത് പോലും കെഎസ്ആർടിസി ജീവനക്കാർക്ക് കുടിശ്ശിക തീർത്ത് ശമ്പളം കൊടുക്കില്ലെന്ന സർക്കാരിന്റെ നിലപാട് മനുഷ്യത്വരഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി.

കഴിഞ്ഞ രണ്ടുമാസമായി ശമ്പളത്തിനുവേണ്ടി ജീവനക്കാർ മുട്ടാത്ത വാതിലുകളില്ല. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം ഭരണത്തിലാണ് ജോലിചെയ്ത കൂലിക്കായി ജീവനക്കാർക്ക് തെരുവിലിറങ്ങി പട്ടിണി സമരം നടത്തേണ്ട ഗതികേടുണ്ടായത്. കെഎസ്ആർടിസി വിഷയത്തിൽ സിപിഎമ്മിന്റെയും സർക്കാരിന്റെയും സമീപനം അവരുടെ തൊഴിലാളി വിരുദ്ധത പ്രകടമാകുന്നതാണ്. ഭരണത്തിന് നേതൃത്വം നൽകുന്ന സിപിഎമ്മിന്റെ തൊഴിലാളി സംഘടനകൾ ഇടതുമുന്നണിയിലെ ഘടകകക്ഷി അംഗമായ വകുപ്പുമന്ത്രിയെ പ്രതിസ്ഥാനത്ത് നിർത്തി സ്വയം തടിതപ്പുകയാണ്. സർക്കാരും മാനേജുമെന്റും തൊഴിലാളികളെ പൂർണ്ണമായും കൈവിട്ടു.ശമ്പളത്തിനായി 103 കോടി രൂപ നൽകാനുള്ള ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബഞ്ചിൽ നിന്നും സ്‌റ്റേവാങ്ങിക്കൊണ്ടാണ് സർക്കാർ തൊഴിലാളികളോടുള്ള മമത പ്രകടിപ്പിച്ചത്. ധനവകുപ്പ് പ്രതിമാസം കെഎസ്ആർടിസിക്ക് നൽകിവരുന്ന 50 കോടി രൂപ കഴിഞ്ഞ രണ്ടുമാസമായി കുടിശ്ശികയാണ്. അതും ഉത്സവ ആനുകൂല്യങ്ങളും ചേർത്തുള്ള തുക നൽകാനാണ് സിംഗിൽ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ അതിനോട് മുഖം തിരിച്ച സർക്കാർ, കുടിശിക ഇനത്തിൽ കെഎസ്ആർടിസിക്ക് നൽകാനുള്ള സാമ്പത്തിക സഹായത്തിന്റെ ഒരുമാസത്തെ വിഹിതം മാത്രം നൽകാമെന്ന നിലപാട് പ്രതിഷേധാർഹമാണെന്ന് സുധാകരൻ പറഞ്ഞു.

സാധാരണക്കാരുടെ ആശ്രയമാണ് കെഎസ്ആർടിസി എന്ന പൊതുഗതാഗത സംവിധാനം. അതിനെ നിലനിർത്തി കൊണ്ടുപോകണ്ട ഉത്തരവാദിത്തവും ബാധ്യതയും സർക്കാരിനുണ്ട്. ചുരുങ്ങിയത് 20 ലക്ഷം പേരാണ് കെഎസ്ആർടിസിയെ ആശ്രയിക്കുന്നത്. കെഎസ്ആർടിസിക്ക് പ്രതിദിനം 5 കോടി രൂപവെച്ച് 151 കോടി പ്രതിമാസ വരുമാനമുണ്ട്. ഒരുമാസത്തെ ശമ്പളത്തിനും മറ്റുമായി 75 കോടിയാണ് വേണ്ടത്.ഇതിനെല്ലാം പുറമെയാണ് 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കാരം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്.സിഫ്റ്റ് കമ്പനി രൂപീകരിച്ച് റൂട്ടുകൾ കൈമാറിയത് കെഎസ്ആർടിസിയുടെ പ്രതിസന്ധി വർധിപ്പിച്ചു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്‌ക്കരണവും സിഫ്റ്റ് കമ്പനി രൂപികരിക്കലും ഉൾപ്പെടെയുള്ള നടപടികൾ കോർപ്പറേറ്റ് നയവ്യതിയാനത്തിന്റെ ഭാഗമായുള്ള തൊഴിലാളിദ്രോഹ നടപടികളാണ്.

പുതിയ ബസുകൾ നിരത്തിലിറക്കുന്നതിലും സർക്കാർ അലംഭാവം കാട്ടുകയാണ്. പെൻഷൻ വിതരണവും മുടങ്ങി.എല്ലാതരത്തിലും കെഎസ്ആർടിസി ജീവനക്കാർക്ക് ദുരിതങ്ങളുടെ ഡബിൾ ബെല്ലാണ്. സർക്കാർ,മാനേജ്‌മെന്റ് തലത്തിലെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് ഇതിന് കാരണം. ലക്കും ലഗാനുമില്ലാതെയുള്ള ജീവനക്കാരുടെ ദുരിത യാത്രക്ക് അന്ത്യം കുറിക്കാൻ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കാൻ സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്നും സുധാകരൻ പറഞ്ഞു.