തിരുവനന്തപുരം: കെ റെയിലിനെതിരായ സമരം ജനങ്ങളുടെ അതിജീവനത്തിനായുള്ള പോരാട്ടമാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി. പോലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചൊതുക്കാന്‍ ശ്രമിച്ചിട്ടും പൂര്‍വാധികം ശക്തിയോടെ ജനങ്ങള്‍ സമരരംഗത്ത് ഉറച്ച് നില്‍ക്കുന്നത് ഇതിന്‍റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. കെ റെയില്‍ പദ്ധതിക്കെതിരെ ‘കെ റെയില്‍ വേഗതയല്ലിത് വേദനമാത്രം’ എന്ന മുദ്രാവാക്യവുമായി സംസ്‌കാര സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് നയിക്കുന്ന സാംസ്‌ക്കാരിക സമരയാത്ര കഴക്കൂട്ടത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിനെ നിലനിര്‍ത്തികൊണ്ടുള്ള വികസനമാണ് വേണ്ടത്. നാട്ടുകാരും ശാസ്ത്രസാഹിത്യ പരിഷത്തടക്കമുള്ള പാര്‍ട്ടിക്കാരും വേണ്ടെന്ന് പറഞ്ഞിട്ടും കെ റെയില്‍ നടപ്പാക്കുമെന്ന് പിണറായി വിജയന്‍ വാശിപിടിക്കുന്നത് കമ്മീഷന്‍ തട്ടാനാണെന്നും അദ്ദേഹം ആരോപിച്ചു.
നിര്‍ദ്ദിഷ്ട കെ റെയില്‍ പാതക്കായി സ്ഥലം കണ്ടെത്തിയ 11 ജില്ലകളിലും ഇതിന്‍റെ ദുരിതം പേറുന്ന ജനങ്ങളുമായി സംവദിക്കുന്ന സമരയാത്ര ഈമാസം 14ന് കാസര്‍ഗോഡ് സമാപിക്കും. സാംസ്‌ക്കാരിക, രാഷ്ട്രീയ രംഗത്തെ പ്രതിഭകള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പങ്കെടുക്കും. സംസ്ഥാനത്തുടനീളം 100 സാംസ്‌കാരിക പ്രതിരോധ സദസുകള്‍ സംഘടിപ്പിക്കും. കേരളത്തിന് സര്‍വനാശം വിതയ്ക്കുന്ന കെ റെയിലിനെതിരെ 10,000 സാസ്‌ക്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട സാംസ്‌കാരിക പ്രതിഷേധ പത്രിക രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
ഡിസിസി പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷനായിരുന്നു. ആര്യാടന്‍ ഷൗക്കത്ത്, കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു രാധാകൃഷ്ണന്‍, ജാഥാ വൈസ് ക്യാപ്റ്റന്‍ എന്‍.വി പ്രദീപ്കുമാര്‍, മുന്‍ എംഎല്‍എ എം.എ വാഹിദ്, വി.ആര്‍ പ്രതാപന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആര്യാടന്‍ ഷൗക്കത്ത് രചനയും സംവിധാനവും നിര്‍വഹിച്ച തെരുവുനാടകം ‘കലികാലക്കല്ല്’ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ചു.