നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും ആശംസകള്‍ നേർന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, May 18, 2023

തിരുവനന്തപുരം: ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് ഭരണത്തെ തെന്നിന്ത്യയില്‍ നിന്നും തുടച്ചുമാറ്റി കോണ്‍ഗ്രസിന്‍റെ ജനാധിപത്യ മതേതര സര്‍ക്കാരിന്‍റെ സാരഥ്യം ഏറ്റെടുക്കുന്ന നിയുക്ത മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനും ആശംസകള്‍ നേർന്ന്  കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി.

ജനാധിപത്യത്തിന്‍റെ അന്തസ് ഉയര്‍ത്തിപ്പിടിക്കുന്ന ജനവിധിയാണ് കന്നഡ ജനത കോണ്‍ഗ്രസിന് സമ്മാനിച്ചത്. അവരോട് നൂറുശതമാനം നീതിപുലര്‍ത്തി ഉചിതമായ വ്യക്തിയെ തന്നെയാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിച്ചത്. കര്‍ണാടകയിലേത് കൂട്ടായ്മയുടെയും ഐക്യത്തിന്‍റെയും വിജയമാണ്. കെപിസിസി അധ്യക്ഷന്‍ കൂടിയായ ഡി.കെ ശിവകുമാറിന്‍റെ സംഘടനാപാടവവും പ്രവർത്തനമികവും സിദ്ധരാമയ്യയുടെ ഭരണനെെപുണ്യവും ഒത്തുചേരുമ്പോള്‍ അഴിമതിരഹിത സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാകുമെന്നും ഭാരതത്തിന്‍റെ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന മികച്ച ഭരണം കര്‍ണാടകയില്‍ സാധ്യമാകുമെന്നും എല്ലാ മതേതരവിശ്വാസികളും ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു.

ഒരു ഭരണാധികാരിക്ക് വേണ്ട ഗുണഗണങ്ങളും തന്ത്രങ്ങളും സാമൂഹിക ബോധവും കര്‍മ്മകുശലതയും ഒരുപോലെ സമ്മേളിച്ച നേതാവാണ് സിദ്ധരാമയ്യ. ഓരോ വിഷയവും കൃത്യമായി പഠിച്ച് പക്വതയോടെ പെരുമാറുന്ന അദ്ദേഹത്തിന്‍റെ കാര്യശേഷിയും പ്രവര്‍ത്തനമികവും കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന് കൂടുതല്‍ കരുത്ത് പകരും.

ജനപക്ഷത്തു നിന്ന് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാന്യം നല്‍കി അഴിമതി രഹിത സദ്ഭരണം കാഴ്ചവെക്കാന്‍ അദ്ദേഹത്തിനും അദ്ദേഹത്തിന്‍റെ സംഘത്തിനും സാധിക്കുമെന്നതില്‍ സംശയമില്ല. മുഖ്യമന്ത്രി ആയിരുന്ന കാലയളവില്‍ മുമ്പ് അദ്ദേഹമത് തെളിയിച്ചിട്ടുണ്ട്. സംഘപരിവാറിന്‍റെ വെറുപ്പിന്‍റെ രാഷ്ട്രീയത്താല്‍ വിഷലിപ്തമായ കന്നഡ മണ്ണില്‍ മതസൗഹാര്‍ദ്ദവും ബഹുസ്വരതയും ഐക്യവും സമാധാനവും പുനഃസ്ഥാപിച്ച് മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് കഴിയട്ടേയെന്നും കെ സുധാകരൻ എംപി ആശംസിച്ചു.