ജിതിന്‍ നിരപരാധി, തീക്കൊള്ളി കൊണ്ട് തല ചൊറിയരുത്: കെ സുധാകരന്‍ എംപി

Jaihind Webdesk
Thursday, September 22, 2022

എറണാകുളം: എകെജി സെന്‍റർ ആക്രമണക്കേസിൽ പോലീസ് പ്രതിയാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിൻ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. കോൺഗ്രസിന് യാതൊരു ബന്ധവുമില്ലാത്തതാണ് എകെജി സെന്‍റർ സംഭവം. പോലീസിനെ ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കുടുക്കാൻ ശ്രമിച്ചാൽ കയ്യുംകെട്ടി നോക്കിയിരിക്കുമെന്ന് പിണറായിയോ സിപിഎമ്മോ കരുതേണ്ട. നിരപരാധിയായ പ്രവർത്തകനെ വിട്ടയച്ചില്ലെങ്കിൽ പോലീസ് സ്‌റ്റേഷൻ മാർച്ച് നടത്തുമെന്നും പോലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ജൂൺ 30 ന് രാത്രിയാണ് തിരുവനന്തപുരത്തെ എകെജി സെന്‍ററിനുനേരെ സ്കൂട്ടറിലെത്തിയ ആള്‍ പടക്കം എറിഞ്ഞത്. പ്രതിയെ കണ്ടെത്താതെ ഇരുട്ടില്‍ തപ്പിയ പോലീസ്, സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞാണ് ഇപ്പോള്‍ നിരപരാധിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ വന്‍ ജനസ്വീകാര്യതയില്‍ ബിജെപിക്കൊപ്പം സിപിഎമ്മും അസ്വസ്ഥരാണ്. യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് പോലീസിനെ ഉപയോഗിച്ചുള്ള സിപിഎം നീക്കമെന്നാണ് ആക്ഷേപം.