മൊബൈൽ റേഞ്ചിനായി മരത്തിൽ കയറിയ വിദ്യാർത്ഥി വീണ് പരിക്കേറ്റ സംഭവം : അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കെ.സുധാകരൻ എം.പിയുടെ കത്ത്

Jaihind Webdesk
Saturday, August 28, 2021

കണ്ണൂർ : ഓൺലൈൻ പഠനത്തിന് നെറ്റ്വർക്ക് ലഭിക്കാൻ മൊബൈൽ ഫോണുമായി ഉയരമുള്ള മരത്തിൽ കയറുന്നതിനിടെ വീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ സർക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ എം.പി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓൺലൈൻ പഠനത്തിന് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കേണ്ടതിന്‍റെ ആവശ്യകത  നിരവധിതവണ ജനപ്രതിനിധികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാര്യമായ നടപടികൾ ഒന്നും സർക്കാർ സ്വീകരിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓൺലൈൻ പഠനത്തിനായുള്ള പഠനസാമഗ്രികൾ ജില്ലയിലെ പല വിദ്യാർത്ഥികൾക്കും ഇതുവരെ ലഭ്യമായിട്ടില്ല. പട്ടികജാതി, പട്ടികവർഗ കോളനികൾ ഉൾപ്പെടെ ജില്ലയിലെ പല പ്രദേശങ്ങളിലും നെറ്റ്‌വർക്ക് കവറേജ് ലഭ്യമാകാത്തതിലെ
ദയനീയ അവസ്ഥയും, പല ആദിവാസി കോളനികളിലും വിദ്യാർത്ഥികൾ ഓൺലൈൻ പഠനത്തിനായി കൊടുങ്കാട്ടിൽ ഏറുമാടം കെട്ടിയിരിക്കുന്ന സാഹചര്യവും കെ.സുധാകരൻ എം.പി മുഖ്യമന്ത്രിക്കയച്ച കത്തില്‍ സൂചിപ്പിച്ചു.