തിരുവനന്തപുരം: പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്ന് വിളിച്ച മന്ത്രി പി.എ മുഹമ്മദ് റിയാസിന്‍റെ നട്ടെല്ല് തെരുവുഗുണ്ടയുടേതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ക്രൈം വാരികയുടെ ഓഫീസ് ആക്രമിച്ച് എടുത്തുകൊണ്ടുപോയതിന് പിന്നാലെ റിയാസിന് അമ്പരപ്പിക്കുന്ന രാഷ്ട്രീയ വളർച്ചയാണ് ഉണ്ടായതെന്ന് കെ സുധാകരന്‍ എം.പി പറഞ്ഞു. മികച്ച പാര്‍ലമെന്‍റേറിയനായ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണെന്നും കെ സുധാകരന്‍ പറഞ്ഞു.
കെ സുധാകരന്‍ എംപി പറഞ്ഞത്:
പ്രതിപക്ഷത്തെ വാഴപ്പിണ്ടിയെന്നു വിളിച്ച മന്ത്രി മുഹമ്മദ് റിയാസിന്‍റെ നട്ടെല്ല് ഒരു തെരുവുഗുണ്ടയുടേതാണ്. ലാവലിന്‍ ഇടപാടിന്‍റെയും കമല ഇന്‍റര്‍നാഷണല്‍ എക്‌സ്പോര്‍ട്ട് കമ്പനിയുടെയും വിശദാംശങ്ങള്‍ ടി.പി നന്ദകുമാറിന്‍റെ ക്രൈം വാരിക 2005 ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അന്ന് മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തില്‍ 15 അംഗ ഗുണ്ടാസംഘം ക്രൈമിന്‍റെ കോഴിക്കോട് ഓഫീസ് ആക്രമിച്ച് മുഴുവന്‍ രേഖകളും എടുത്തുകൊണ്ടുപോകുകയും ഓഫീസിന് തീയിടുകയും ചെയ്തു. ഇതു സംബന്ധിച്ച് കോഴിക്കോട്ട് കസബ പോലീസ് സ്‌റ്റേഷനില്‍ 34/2005, 36/2005 എന്നിങ്ങനെ രണ്ടു കേസുകളുണ്ട്. സിഐടിയു നേതാവ് ഇ ബാലനന്ദന്‍ നല്‍കിയ വിലപ്പെട്ട രേഖകളാണ് അന്ന് നഷ്ടപ്പെട്ടത്. സംസ്ഥാന വ്യാപകമായി സിപിഎം ഗുണ്ടകള്‍ ക്രൈമിന്‍റെ കോപ്പികള്‍ പിടിച്ചെടുത്ത് പിണറായി വിജയന് സംരക്ഷണം നല്‍കി.
ക്രൈമിന്‍റെ ഓഫീസില്‍ നിന്ന് ലാവ്ലിന്‍ രേഖകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് റിയാസിന് അമ്പരപ്പിക്കുന്ന രാഷ്ട്രീയവളര്‍ച്ചയാണ് കണ്ടത്. 2005ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് നഗരസഭയിലെ പാളയം സീറ്റും 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റും അര്‍ഹരായ അനേകരെ തഴഞ്ഞ് തരപ്പെടുത്തിയെങ്കിലും രണ്ടിലും തോറ്റു. ഓഫീസ് ആക്രമണത്തിനുശേഷം സംഘടനാരംഗത്ത് കുതിച്ചുയര്‍ന്ന് 2017ല്‍ ഡിവൈഎഫ് ഐയുടെ അഖിലേന്ത്യാ പ്രസിഡന്‍റായി. ഇതിനിടെ കുടുംബത്തിലും ഇടം നല്‍കി.
2021 ല്‍ ആദ്യമായി നിയമസഭാ സീറ്റ് നേടുകയും പാര്‍ട്ടിയിലെ പരിണിതപ്രജ്ഞരായ സീനിയര്‍ നേതാക്കളെയും യുവനേതാക്കളെയും വെട്ടിമാറ്റി സുപ്രധാന വകുപ്പുകളോടു കൂടി മന്ത്രി ആക്കുകയും ചെയ്തു. ലാവലിന്‍ രേഖകള്‍ അപ്രത്യക്ഷമായതോടെ പിണറായി വിജയന് മുഖ്യമന്ത്രി പദത്തിലെത്താനും സാധിച്ചു. 2001 മുതല്‍ പറവൂരില്‍ നിന്ന് തുടര്‍ച്ചയായി ജയിക്കുകയും മികച്ച പാര്‍ലമെന്‍റേറിയനായി അടയാളപ്പെടുത്തുകയും ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരേ കൊമ്പുകോര്‍ക്കാന്‍ റിയാസ് ധൈര്യപ്പെടുന്നത് തിണ്ണമിടുക്കുകൊണ്ട് മാത്രമാണ്.