ചുമതലാബോധമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ പുനഃക്രമീകരിക്കും : കെ.സുധാകരന്‍ എം.പി

Jaihind Webdesk
Thursday, September 9, 2021

തിരുവനന്തപുരം : ചുമതലാബോധമുള്ള പാര്‍ട്ടിയായി കോണ്‍ഗ്രസിനെ പുനഃക്രമീകരിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ ശക്തമായ നടപടി സ്വീകരിക്കും. ചുമതലകള്‍ നിര്‍വ്വഹിക്കാത്തവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ഭാരവാഹികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുമെന്നും കെ.സുധാകരന്‍ പറഞ്ഞു.

പുതിയ ഡിസിസി അധ്യക്ഷന്‍മാര്‍ക്കായി കെ.പി.സി.സി സംഘടിപ്പിച്ച ദ്വിദിന ശില്‍പശാലക്ക് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ട്ടിയില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെ കുറിച്ച് കെ.സുധാകരന്‍ വിശദീകരിച്ചത്. കോണ്‍ഗ്രസ് ഭാരവാഹികള്‍ക്ക് യൂണിറ്റ് തലം മുതല്‍ സംസ്ഥാനതലം വരെ ചുമതലകള്‍ വീതിച്ച് നല്‍കും. ചുമതല നിര്‍വ്വഹണം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കും. ചുമതല കാര്യക്ഷമമായി നിര്‍വ്വഹിക്കാത്ത ഭാരവാഹികളെ മാറ്റുമെന്നും കെ.സുധാകരന്‍ പറഞ്ഞു. ഓരോ നിയമസഭ മണ്ഡലത്തില്‍ ഒരുമണ്ഡലം പ്രസിഡന്റ് എങ്കിലും വനിതയായിരിക്കും. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ജില്ല തലങ്ങളില്‍ അടച്ചടക്കസമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒരാള്‍ക്ക് ഒന്നിലധികം പദവികള്‍ അനുവദിക്കില്ല. ത്രിതല പഞ്ചായത്തുകളിലും സഹകരണ മേഖലയിലും കൃത്യമായ പാര്‍ട്ടി നിയന്ത്രണം കൊണ്ടുവരും. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഇല്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.