കെപിസിസിക്ക് പുതിയ അമരക്കാരന്‍ ; കെ.സുധാകരന്‍ അധ്യക്ഷന്‍

Jaihind Webdesk
Tuesday, June 8, 2021

തിരുവനന്തപുരം : കെപിസിസിയുടെ പുതിയ അധ്യക്ഷനായി കെ.സുധാകരനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റേതാണ് തീരുമാനം.  കോൺഗ്രസിന്‍റെ കണ്ണൂർ വീര്യമാണ് കെ.സുധാകരൻ. പ്രവർത്തകർക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത നേതാവ് കെപിസിസിയുടെ തലപ്പത്ത് എത്തുമ്പോൾ കോൺഗ്രസ് പ്രസ്ഥാനം പുത്തൻ ഉണർവ് പ്രതീക്ഷിക്കുന്നു. നിലവിൽ കെപിസിസി വർക്കിംഗ് പ്രസിഡന്റും കണ്ണൂരിന്റെ എം.പിയുമായ കെ.സുധാകരൻ ഏറെ വെല്ലുവിളികൾ നിറഞ്ഞ കാലഘട്ടത്തിലാണ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുന്നത്.

എന്നും കോൺഗ്രസ് രാഷ്ട്രീയത്തിലെ ഫയർ ബ്രാൻഡാണ് കെ.സുധാകരൻ. സിപിഎമ്മും ബിജെപിയും ആയുധമെടുത്ത് അടരാടുന്ന കണ്ണൂരിന്‍റെ മണ്ണിൽ കോൺഗ്രസിന്‍റെ മൂവർണ പതാക ഉയർന്ന് പറക്കുന്നത് സുധാകരന്‍റെ പോരാട്ട വീര്യത്തിന്‍റെ ചിറകിലാണ്. സുധാകരനെ ഇല്ലാതാക്കാൻ രാഷ്ട്രീയ എതിരാളികൾ അർഥവും ആയുധവും ഒരുപാട് ചിലവാക്കി. ഒരിക്കലും ഓടിയൊളിക്കാൻ പക്ഷേ ആ മനസ് കൂട്ടാക്കിയില്ല. പകരം നെഞ്ച് വിരിച്ച് നിന്നിട്ടേയുള്ളൂ. പ്രവർത്തകർക്ക് ചങ്ക് പറിച്ച് നൽകുന്ന നേതാവിനെ സ്വന്തം ചങ്കിനകത്താണ് അണികൾ കുടിയിരുത്തുന്നത്.

തീക്കനലുകൾ ചവിട്ടിയുള്ള യാത്രയാണ് കെ സുധാകരന്റെ രാഷ്ട്രീയ ജീവിതം. സ്കൂൾ കാലഘട്ടത്തിൽ കെ.എസ്.യുവിലൂടെ രാഷ്ട്രീയ രംഗത്തെത്തി. തലശേരി ബ്രണ്ണൻ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം നേടി. തുടർന്ന് നിയമ പഠനവും പൂർത്തിയാക്കി. 1969 ൽ കോൺഗ്രസ് പിളർന്നപ്പോൾ സംഘടനാ കോൺഗ്രസിനൊപ്പമായിരുന്നു. പിന്നീട് ജനതാ പാർട്ടിയുടെ ഭാഗമായെങ്കിലും അധികം വൈകാതെ കോൺഗ്രസിൽ തരിച്ചെത്തി. 1991ൽ കെ സുധാകരൻ കണ്ണൂർ ഡിസിസി പ്രസിഡന്റായി . സിപിഎമ്മിന്റെ കയ്യൂക്കിന് മുന്നിൽ കീഴടങ്ങാതെ സുധാകരൻ പാർട്ടിയെ നയിച്ചു. 91-ൽ എടക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പോരാട്ടം സുപ്രീം കോടതി വരെ നീണ്ടു. സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന സുധാകരന്റെ പരാതി അംഗീകരിച്ച ഹൈക്കോടതി ഒ. ഭരതന്‍റെ  വിജയം അസാധുവാക്കി. അങ്ങനെ ആദ്യമായി നിയമ സഭയിൽ എത്തി.

1996, 2001, 2006 വർഷങ്ങളിൽ കണ്ണൂർ മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി. എം എൽഎ ആയിരിക്കെ 2009ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ച് കണ്ണൂരിൽ നിന്നുള്ള എംപിയായി. ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന ഈ നേതാവിന് ആവശ്യങ്ങൾ നേടിയെടുക്കാൻ ഏതറ്റം വരെയും പോകാൻ മടിയില്ല. ആക്ഷേപങ്ങളും ആരോപണങ്ങളും പെരുമഴ തീർക്കുമ്പോഴും കെ.സുധാകരൻ നിവർന്ന് നിൽക്കുന്നത് പ്രവർത്തകരുടെ സ്നേഹ കുടയുടെ കീഴിലാണ്. കരുത്തുറ്റ ആ കരങ്ങളിൽ കെപിസിസിയുടെ നേതൃത്വം ഏൽപ്പിക്കുമ്പോൾ കോൺഗ്രസ് പാർട്ടി ഒരു പാട് പ്രതീക്ഷിക്കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയിൽ നിന്നുള്ള തിരിച്ചു വരവാണ് മുന്നിലുള്ള ആദ്യ ദൗത്യം. പൂവിരിച്ച പാതകളിലൂടെ നടന്ന് ശീലമില്ലാത്ത നേതാവിന് ഏത് വെല്ലുവിളിയുടെ മുൾപ്പടർപ്പുകളും താണ്ടാൻ മടിയുമില്ല.