കാപ്പാടൻ രമേശിന്റെ കുടുംബത്തിന് വീടൊരുക്കി കോൺഗ്രസ്; താക്കോൽ കൈമാറി കെ. സുധാകരൻ

Jaihind News Bureau
Sunday, March 15, 2026

കണ്ണൂർ കാപ്പാട് അന്തരിച്ച കോൺഗ്രസ് പ്രവർത്തകനും കെ. സുധാകരൻ എം.പി.യുടെ വിശ്വസ്ത സഹചാരിയുമായിരുന്ന കാപ്പാടൻ രമേശന്റെ കുടുംബത്തിന് കോൺഗ്രസ് നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം നടന്നു. കാപ്പാട് നടന്ന വികാരനിർഭരമായ ചടങ്ങിൽ കെ. സുധാകരൻ എം.പി. രമേശന്റെ കുടുംബാംഗങ്ങൾക്ക് വീടിന്റെ താക്കോൽ കൈമാറി. ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ്, വി. നാരായണൻ, മേയർ പി. ഇന്ദിര തുടങ്ങിയ പ്രമുഖ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.

താക്കോൽദാന ചടങ്ങിനിടെ പഴയകാല സഹപ്രവർത്തകന്റെ ഓർമ്മകൾ പങ്കുവെക്കവേ കെ. സുധാകരൻ വികാരാധീനനായി. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടങ്ങളിൽ തന്നെ സംരക്ഷിക്കുകയും തണലായി നിൽക്കുകയും ചെയ്ത വ്യക്തിയായിരുന്നു രമേശനെന്ന് അദ്ദേഹം അനുസ്മരിച്ചു. “ഞാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു. പല പ്രതിസന്ധികളെയും തരണം ചെയ്യാൻ എനിക്ക് കരുത്ത് പകർന്നത് അദ്ദേഹത്തിന്റെ പിന്തുണയാണ്,” വിതുമ്പിക്കൊണ്ട് സുധാകരൻ പറഞ്ഞു.

കണ്ണൂരിലെ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ കാപ്പാടൻ രമേശനെപ്പോലെയുള്ള നിരവധി പ്രവർത്തകരുടെ നിസ്തുലമായ സേവനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏത് പ്രതിസന്ധിയിലും തലകുനിക്കാതെ പാർട്ടിയെ മുന്നോട്ട് നയിക്കാൻ പ്രവർത്തകരെ പ്രചോദിപ്പിച്ച നേതാവായിരുന്നു രമേശനെന്നും കെ. സുധാകരൻ ചടങ്ങിൽ ഓർമ്മിച്ചു.