ബി.എസ്.എൻ.എൽ കരാർ തൊഴിലാളികളുടെ പ്രശ്നത്തിൽ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കെ.സുധാകരൻ എം.പി. ലോകസഭയിൽ ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാസ്ഥാപനമായ ബി.എസ്.എൻ.എൽലിലെ കരാർ ജീവനക്കാർ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനാൽ അനുഭവിക്കുന്ന ജീവൽ പ്രശ്നത്തിലും തൊഴിലാളികൾ നടത്തിയ സമരത്തിൽ ഉന്നയിക്കുന്ന വിഷയത്തിലും ഉടൻ ശമ്പളം നല്കുന്നതിനും വേണ്ടി ട്Rകേന്ദ്ര സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം.
കേരളത്തിൽ ആറായിരത്തോളവും രാജ്യത്താകെ അരലക്ഷത്തോളവും കരാർ തൊഴിലാളികൾ ശമ്പളമില്ലാതെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിരിക്കുകയാണ്. കേരളത്തിലെ 8076 കരാർ തൊഴിലാളികളിൽ ആയിരത്തിലേറെ പേരെ യാതൊരു ആനുകൂല്യങ്ങളും നല്കാതെ കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പിരിച്ചുവിട്ടു കഴിഞ്ഞു. ബാക്കിയുള്ളവർ ശമ്പളം കിട്ടാതായതോടെ ആകെ ബുദ്ധിമുട്ടിലുമാണ്.
സ്വകാര്യ മേഖലയിലെ ടെലിക്കോം കമ്പനികളെ വഴിവിട്ട രീതിയിൽ സഹായിക്കുന്നതിന് വേണ്ടി രാജ്യത്തിന്‍റെ അഭിമാനമായ പൊതുമേഖലയെ തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത്. സർക്കാറിന്‍റെ പുതിയ തൊഴിൽ നയത്തിന്‍റെ ഭാഗമായി കോർപ്പറേറ്റ് സ്ഥാപനങ്ങൾക്ക് വേണ്ടി തൊഴിലാളി ദ്രോഹ നടപടികൾ സ്വീകരിക്കുന്നതാണെന്ന് വ്യക്തമാണ്.
ലോകം 5 ജിയിലേക്ക് നീങ്ങുമ്പോഴാണ് മതിയായ ജീവനക്കാരില്ലാതെ രാജ്യത്തിന്‍റെ അഭിമാനമായിരുന്ന ഈ പൊതുമേഖലാ സ്ഥാപനം നാശത്തെ അഭിമുഖീകരിക്കുന്നത് ഇന്ത്യയെ പോലെ തൊഴിലില്ലായ്മ അതിരൂക്ഷവും അഭ്യസ്തവിദ്യരായ തൊഴിൽ സേന സുലഭവുമായ രാജ്യത്ത് സ്ഥിരം തൊഴിൽ ഇല്ലാതാക്കി തൊഴിൽ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത് അശാസ്ത്രീയവും മനുഷ്യത്വരഹിതവുമാണെന്നും ബി.എസ്.എൻ.എൽ കരാർ ജീവനക്കാരെ ആത്മഹത്യയിലേക്ക് തള്ളിവിടാതെ അവരുടെ പ്രശ്നങ്ങൾ അനുഭാവപൂർവ്വം പരിഹരിക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.
https://youtu.be/KEqSpKTLnRQ