ജനപ്രതിനിധികളെ വേട്ടയാടുന്നു; മുഖ്യമന്ത്രിക്ക് സമനില തെറ്റി, സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്ന് കെ.സുധാകരന്‍

Jaihind Webdesk
Tuesday, March 5, 2024

മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. വന്യജീവി ആക്രമണം കൊണ്ട് സഹികെട്ട ജനതയ്ക്ക് വേണ്ടി ധീരതയോടെ പോരാടിയ മാത്യുകുഴല്‍നാടന്‍ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് എന്നിവരെ നട്ടപ്പാതിരായ്ക്ക് ജാമ്യമില്ല വകുപ്പ് ചുമത്തി ഭീകരരെപ്പോലെ അറസ്റ്റ് ചെയ്യിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ സമനില തെറ്റിയെന്ന് കെ സുധാകരന്‍.

എല്ലാ നിയമങ്ങളും മനുഷ്യാവകാശങ്ങളും ചവിട്ടി മെതിച്ച ഈ അറസ്റ്റില്‍ ജാമ്യം അനുവദിച്ചത് അവര്‍ ഉയര്‍ത്തിയ വിഷയത്തോട് കോടതി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ടാണ്. വന്യമൃഗ ആക്രമണം, സിദ്ധാര്‍ത്ഥന്‍റെ കൊലപാതകം, ശമ്പളവും പെന്‍ഷനും മുടങ്ങിയത് ഉള്‍പ്പെടെയുള്ള ജനകീയ വിഷങ്ങളുടെ പ്രതിഷേധച്ചൂട് കുറയ്ക്കാനുള്ള നടപടിയുടെ ഭാഗമാണ് നേതാക്കള്‍ക്കെതിരായ പോലീസ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ ദുരന്തമുഖത്ത് നിക്കുമ്പോള്‍ അവരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനു പകരം അവരെ വേട്ടയാടുന്നത് പിണറായിക്കു മാത്രം സാധിക്കുന്ന ധിക്കാരമാണ്. തികച്ചും മനുഷ്യത്വരഹിതമായ നടപടിയാണ് ഈ വിഷയത്തില്‍ സര്‍ക്കാരും സിപിഎമ്മും സ്വീകരിച്ചത്. പോലീസ് രാജ് നടപ്പാക്കി പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്ന മുഖ്യമന്ത്രി വിഡ്ഢികളുടെ ലോകത്തിലാണെന്ന് അദ്ദേഹം വിമർശിച്ചു.  വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെ ഒരു തീരുമാനം പോലും ഇതുവരെ നടപ്പാക്കിയിട്ടില്ല. ഇങ്ങനെയൊരു സര്‍ക്കാരും വനമന്ത്രിയും കേരളത്തിന് ഭാരമാണ്. നിര്‍ഗുണനും നിഷ്‌ക്രിയനുമായ ഈ വനംമന്ത്രിയെ അടിയന്തരമായി പുറത്താക്കണം. ഈ വര്‍ഷം മാത്രം 7 പേരാണ് വന്യമൃഗ ആക്രണത്തിനിരയായി കൊല്ലപ്പെട്ടത്.

എസ്എഫ് ഐക്കാര്‍ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ സിദ്ധാര്‍ത്ഥന്‍റെ പിതാവിനെ സന്ദര്‍ശിക്കാന്‍ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിയാണ് കേരളത്തിന്‍റേത്. വാ തുറന്ന് അപലപിക്കാന്‍ പോലും തയാറായിട്ടില്ല. കൊലയും കൊള്ളയും രക്തത്തില്‍ അലിഞ്ഞവരില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട. ഈ കേസിലെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്താത്തത് കൊലയാളികളായ എസ്എഫ്ഐക്കാരെ സംരക്ഷിക്കാനുള്ള പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും വ്യഗ്രതമൂലമാണ്. പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മുന്‍ എംഎല്‍എ സി.കെ.ശശീന്ദ്രന്‍റെ സാന്നിധ്യം അതിന് തെളിവാണെന്നും അദ്ദേഹം പറഞ്ഞു.