മോദിയുടെ ചിത്രം മാറ്റാന്‍ ഭയക്കുന്നു; എംപിമാരുടെ ചിത്രം നീക്കുന്നത് മോദിയുടെ അല്‍പത്തരമെന്ന് കെ.സുധാകരന്‍

Jaihind Webdesk
Friday, March 22, 2024

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച് കെപിസിസി പ്രസിഡന്‍റും യു ഡിഎഫ് സ്ഥാനാർത്ഥിയുമായ കെ സുധാകരന്‍. ഞാനും പിന്നെ ഞാനും എന്‍റെ മുഖവും എന്നതാണ് മോദിയുടെ ലൈനെന്ന് അദ്ദേഹം വിമർശിച്ചു.  അത് തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ റെയില്‍വെ സ്‌റ്റേഷനുകളിലും ബസ് സ്റ്റാന്‍റുകളിലും വിമാനത്താവളങ്ങളിലും തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു ശേഷവും നിര്‍ബാധം പ്രദര്‍ശിപ്പിക്കുമ്പോള്‍ എംപി ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഹൈമാസ്‌കില്‍ നിന്ന് എംപിമാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നതും മറയ്ക്കുന്നതും അല്പന്മാര്‍ മാത്രം ചെയ്യുന്ന നടപടിയാണെന്ന് യുഡിഎഫ് സ്ഥാനാർത്ഥി കെ സുധാകരന്‍.

ഇലക്ഷന്‍ കമ്മീഷന്‍റെ നിര്‍ദ്ദേശ പ്രകാരം ഇലക്ഷന്‍ സ്‌ക്വാഡാണ് എംപിമാരുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുന്നത്. എന്നാല്‍, മോദിയുടെ ചിത്രം മാറ്റാന്‍ അവര്‍ ഭയക്കുകയാണ്. അവ മാറ്റണമെന്നു നിര്‍ദ്ദേശിക്കാനുള്ള ധൈര്യം ഇലക്ഷന്‍ കമ്മീഷനുമില്ല. മാറ്റാന്‍ വരുന്ന ഉദ്യോഗസ്ഥര്‍ സെല്‍ഫി പോയിന്‍റിലെത്തി ഫോട്ടോയെടുക്കുന്ന വിചിത്രമായ കാഴ്ചയാണ് രാജ്യമെമ്പാടും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

തികച്ചും അധാര്‍മ്മികമായ നടപടികളാണ് രാജ്യമെമ്പാടും നടക്കുന്നത്. കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നു പിരിച്ചെടുത്ത ഫണ്ട് ആദായ നികുതി വകുപ്പും, ഇ ഡി യും ചേര്‍ന്നു പിടിച്ചെടുക്കുകയും അവ മരവിപ്പിക്കുകയും ചെയ്തു. രാഷ്ട്രീയ കക്ഷികള്‍ക്ക് ആദായ നികുതി ബാധകമല്ലെങ്കിലും കേന്ദ്ര ഏജന്‍സികള്‍ കണ്ണടയ്ക്കുകയാണ്. ഏതു വളഞ്ഞ രീതിയിലും തെരഞ്ഞെടുപ്പില്‍ വിജയം നേടുകയാണ് മോദിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.  മോദിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തിയ ഇന്ത്യ സഖ്യത്തിലെ പ്രമുഖ ഘടക കക്ഷിയായ കെജ്രരിവാളിനെ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം കഴിഞ്ഞ രാത്രി നാടകീയമായി വീട്ടില്‍നിന്ന് അറസ്റ്റ് ചെയതത് എല്ലാ ജനാധിപത്യ മര്യാദകളെയും കാറ്റില്‍പ്പറത്തിയാണ്. രാജ്യം ഏകാധിപത്യത്തിലേക്കും മതാധിപത്യത്തിലേക്കും വഴുതി വീണെന്നും അദ്ദേഹം പറഞ്ഞു.