അഴിമതിരഹിത രാജ്യം; മോദിയുടെ അവകാശവാദം നിലംപൊത്തിയെന്ന് കെ.സുധാകരന്‍

Jaihind Webdesk
Wednesday, January 31, 2024

അഴിമതി സൂചികയില്‍ ഇന്ത്യ 93 ആം സ്ഥാനത്താണെന്ന ട്രാന്‍സ്പരന്‍സി ഇന്‍റര്‍നാഷണലിന്‍റെ റിപ്പോര്‍ട്ട് അഴിമതിരഹിത രാജ്യമായി ഇന്ത്യ മാറിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അവകാശവാദത്തിനേറ്റ കനത്ത തിരിച്ചടിയാണെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരന്‍ എം.പി. 180 രാജ്യങ്ങളില്‍ 93ആം സ്ഥാനം എന്നതാണ് മോദി ഭരണത്തിന്‍റെ നാണംകെട്ട നേട്ടം.

അദാനി, അംബാനി തുടങ്ങിയ വ്യവസായ ഭീമന്മാര്‍ക്ക് വാരിക്കോരി നല്‍കിയ ആനുകൂല്യങ്ങളും വഴിവിട്ട ഇടപാടുകളുമാണ് രാജ്യത്തെ പരിതാപകരായ ഈ അവസ്ഥയില്‍ എത്തിച്ചത്. ഭാരത് മാല റോഡ് നിര്‍മ്മാണ പദ്ധതി, ദ്വാരക എക്‌സ്പ്രസ് ഹൈവേ പദ്ധതി, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ നിരവധി കേന്ദ്രസര്‍ക്കാര്‍ പദ്ധതികളിലെ ശതകോടികളുടെ അഴിമതികളാണ് സി.എ.ജി റിപ്പോര്‍ട്ടുകളില്‍ ഇടംപിടിച്ചത്. ഈ ഉദ്യോഗസഥരെയെല്ലാം ഉടനടി സ്ഥലം മാറ്റുകയും ചെയ്തു.

ദ്വാരക എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മ്മാണ കരാര്‍ കിലോമീറ്ററിന് 18.2 കോടിയായിരുന്നത് 250 കോടിയായി കുത്തനെ ഉയര്‍ത്തി. 14 മടങ്ങ് വര്‍ദ്ധന. മൊത്തം 528 കോടി രൂപ എസ്റ്റിമേറ്റ് ചെയ്ത പദ്ധതിയുടെ ചെലവ് 7287 കോടിയായതാണ് മോദി മാജിക്ക്. 75,000 കി.മീ ദൈര്‍ഘ്യമുള്ള ഭാരത്മാല പദ്ധതിയുടെ നിര്‍മാണ കരാര്‍ കി.മീ 15 കോടിയായിരുന്നത് 25 കോടിയുമാക്കി. ഈ പദ്ധതിയില്‍ മാത്രം 7.5 ലക്ഷം കോടി രൂപയുടെ അഴിമതി നടന്നെന്നാണ് മാദ്ധ്യമ വാര്‍ത്തകള്‍.

അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദേശീയപാതാ അതോറിറ്റിക്ക് കീഴിലെ ടോള്‍ പ്ലാസകളില്‍ നിയമം ലംഘിച്ച് യാത്രക്കാരില്‍നിന്നും 132 കോടി രൂപ പിരിച്ചെടുത്തും, വ്യോമമന്ത്രാലയം ഉഡാന്‍ പദ്ധതിവഴി അനുവദിച്ച റൂട്ടുകള്‍ തുടങ്ങാതെ മറ്റ് സ്വകാര്യ എയര്‍ലൈന്‍സ് കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കിയതും ഉള്‍പ്പെടെ നിരവധി കുംഭകോണങ്ങളുടെ ഘോഷയാത്രതന്നെയുണ്ട്.

കേന്ദ്രസര്‍ക്കാരിന്‍റെ വിവിധ പദ്ധതികളില്‍ ഗുരുതര വീഴ്ച കണ്ടെത്തിയ 37 സി.എ.ജിമാരെയാണ് ഒറ്റയടിക്ക് മാറ്റിയത്. ദ്വാരക അതിവേഗ പാതയുടെ നിര്‍മ്മാണ ചെലവ് 14 മടങ്ങ് വര്‍ദ്ധിപ്പിച്ചെന്ന് കണ്ടെത്തിയ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഓഫ് ഓഡിറ്റ് അതുര്‍വയെ കേരളത്തിലേക്കാണ് തട്ടിയത്. സുപ്രധാന ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരതിന്റെ നടത്തിപ്പില്‍ അഴിമതി കണ്ടെത്തിയ നോര്‍ത്ത് സെന്‍ട്രല്‍ മേഖലാ ഡയറക്ടര്‍ ജനറല്‍ അശോക് സിംഹ, ഡി.എസ്. ഷിര്‍സാദ് എന്നിവരെ ഒതുക്കി മൂലയ്ക്കിരുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തര മന്ത്രി അമിത്ഷായുടെയും വിശ്വസ്തന്‍ ജി.സി.മുര്‍മുവാണ് നിലവില്‍ സി.ഐ.ജി. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കാലത്ത് അവിടെ ലഫ് ഗവര്‍ണറുമായിരുന്നു അദ്ദേഹം. രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടന്ന ഒരു കാലഘട്ടത്തെ മതത്തിന്‍റെയും ജാതിയുടെയും മറവില്‍ തമസ്‌കരിക്കാനുള്ള പ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുക തന്നെചെയ്യുമെന്ന് കെ.സുധാകരന്‍ അറിയിച്ചു.