കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണ്; കുഞ്ഞനന്തന്‍ ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.സുധാകരന്‍

Saturday, February 24, 2024

ആലപ്പുഴ: കൊലപാതക രാഷ്ട്രീയം സി.പി.എമ്മിന്‍റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എംപി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ ജയിലില്‍ മരിച്ചതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കെ.സുധാകരന്‍ പറഞ്ഞു. ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് കൊയിലാണ്ടിയിലെ കൊലപാതകം ചര്‍ച്ചാ വിഷയമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കൊന്നത് മുന്‍ സി.പി.എമ്മുകാരനാണെങ്കില്‍ കൊല്ലപ്പെട്ടത് ലോക്കല്‍ സെക്രട്ടറിയാണ്. അവര്‍ എതിരാളികളെയും സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവരെയുമൊക്കെ കൊല്ലുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊന്നതിനുശേഷം തള്ളിപ്പറയുന്നതും അത് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കെട്ടിവയ്ക്കുന്നതുമാണ് സി.പി.എം ശൈലി. കുത്തനന്തന്‍റെ മരണം സംബന്ധിച്ച് ഉയര്‍ന്ന ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ് വിലയിരുത്തേണ്ടത്. എല്ലാം വിളിച്ച് പറയുമെന്ന് പാര്‍ട്ടി യോഗത്തില്‍ മുന്നറിയിപ്പ് നല്‍കിയതിനു ശേഷമാണ് വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് കുഞ്ഞനന്തന്‍ മരിച്ചത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ടി.പി ചന്ദ്രശേഖരനെ കൊന്നതിനുശേഷം ആ കുറ്റകൃത്യത്തില്‍ പങ്കില്ലെന്നാണ് സി.പി.എം പറഞ്ഞത്. യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് നടന്ന അന്വേഷണത്തിലാണ് സി.പി.എം പങ്ക് പുറത്തുവന്നത്. അതുകൊണ്ട് തന്നെ കൊയിലാണ്ടിയിലെ കൊലപാതകത്തില്‍ സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണം. രാഷ്ട്രീയ വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ എക്കാലത്തും ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ള പാര്‍ട്ടിയാണ് സി.പി.എം. കണ്ണൂരില്‍ മാത്രം 78 പേരെ സി.പി.എം കൊന്നൊടുക്കിയിട്ടുണ്ടെന്നാണ് എനിക്ക് വിവരാവകാശ നിയമപ്രകാരം പിണറായി സര്‍ക്കാര്‍ നല്‍കിയ കണക്ക്. കൊലയാളി പാര്‍ട്ടിയാണ് സി.പി.എം എന്ന് പിണറായി സര്‍ക്കാര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. സിപിഎമ്മിന്‍റെ സമുന്നത നേതാക്കളെല്ലാം കണ്ണൂരുകാരും കൊന്നും കൊലവിളിച്ചും ചോരക്കളിയില്‍ മുഴുകിയവരുമാണ്. വടക്കന്‍ മലബാറിലെ സി.പി.എം രാഷ്ട്രീയം അക്രമത്തിന്‍റെതാണെന്നും അദ്ദേഹം പറഞ്ഞു.

അര ഡസനിലധികം തവണ ഞാനും സി.പി.എമ്മിന്‍റെ കൊലക്കത്തിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതാണ്. മൂന്ന് കാറുകള്‍ കത്തിച്ചു. എന്ത് വൃത്തികേട് കാണിക്കാനും സി.പി.എം മടിക്കില്ല. സി.പി.എമ്മുകാര്‍ തന്നെ സംശയം ഉന്നയിക്കുന്ന സാഹചര്യത്തില്‍ കുഞ്ഞനന്തന്റെ മരണത്തെ കുറിച്ച് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണം. കൊലക്കത്തി രാഷ്ട്രീയം ഇനിയെങ്കിലും ഉപേക്ഷിക്കാന്‍ സി.പി.എം തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.