തൊഴിലാളി പ്രശ്നങ്ങളില്‍ സജീവ ഇടപെടല്‍ നടത്തിയ നേതാവ്; അനുശോചിച്ച് കെ. സുധാകരന്‍ എംപി

Friday, December 8, 2023

 

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ അകാല വിയോഗത്തില്‍ കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അഗാധമായ ദുഃഖം രേഖപ്പെടുത്തി. സൗമ്യശീലനായ കാനം രാജേന്ദ്രന്‍ പ്രഗത്ഭനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു. ദിശാബോധത്തോടെ സിപിഐയെ നയിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളി പ്രശ്‌നങ്ങളില്‍ എക്കാലത്തും സജീവ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്‍റെ പൊതുജീവിതം തൊഴിലാളി വര്‍ഗത്തിന്‍റെ അവകാശ സംരക്ഷണത്തിന് വേണ്ടി മാറ്റിവെച്ചതാണ്. അസാമാന്യ മനക്കരുത്തോടെ നിലപാടുകള്‍ എവിടെയും തുറന്ന് പറയുന്ന പ്രകൃതം. മികച്ച പാര്‍ലമെന്‍റേറിയനും ജനകീയനുമായ പൊതുപ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം. ആശയപരമായി വ്യത്യസ്ത പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുമ്പോഴും നല്ല സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. കാനം രാജേന്ദ്രന്‍റെ നിര്യാണം കേരളീയ പൊതുസമൂഹത്തിന് കനത്ത നഷ്ടമാണെന്നും കെ. സുധാകരന്‍ എംപി പറഞ്ഞു.