സയണിസത്തെ കൂട്ടുപിടിച്ച് ഫോണ്‍ ചോര്‍ത്തിയാണ് മോദി അധികാരത്തിലേറിയത്: കെ. സുധാകരന്‍ എംപി

Jaihind Webdesk
Monday, July 19, 2021

രാജ്യസുരക്ഷ അടിയറവ് വയ്ക്കുന്നതും ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് ഉറപ്പു നല്കുന്ന സ്വകാര്യതയെ പിച്ചിച്ചീന്തുന്നതുമായ ഫോണ്‍ ചോര്‍ത്തല്‍ സംഭവം ഞെട്ടിപ്പിക്കുന്നതാണെണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ എംപി. ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേഴ്‌വിപോലുമില്ലാത്ത അതീവ ഗുരുതരമായ വിഷയമാണിത്.

സ്വന്തം കാബിനറ്റിലെ രണ്ട് കേന്ദ്രമന്ത്രിമാരുടെയും മൂന്നു പ്രതിപക്ഷ നേതാക്കളുടേയും ഒരു ഭരണഘടന സ്ഥാപനത്തിന്റെയും, സുരക്ഷാ സേനകളുടെ മുന്‍ തലവന്മാരുടെയും നാല്പത് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണ്‍ സംഭാഷണങ്ങള്‍ ഇസ്രായേലി സോഫ്റ്റ്വെയര്‍ പെഗസിസ് ഉപയോഗിച്ച് ചോര്‍ത്തിയിട്ട് പ്രധാനമന്ത്രിയുടെ ഓഫീസിന് നേരെ ചോദ്യങ്ങള്‍ ഉയരുമ്പോള്‍ സ്വന്തം പേര് വെച്ച് വെള്ളക്കടലാസ്സില്‍ ഒരു മറുപടി പോലും പറയാന്‍ തയ്യാറാവാത്ത ഭീരുത്വത്തിന്റെ പേരാണ് നരേന്ദ്ര മോദി.

പൗരന്മാരുടെ ഫോണുകളില്‍ നിന്ന് ഡേറ്റ ചോര്‍ത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പ്രത്യക്ഷമായി ഇടപെടല്‍ നടത്തുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മാത്രം ആക്‌സസിബിലിറ്റി ഉള്ള ‘പെഗാസസ്’ എന്ന സ്‌പൈ സോഫ്‌റ്റ്വെയര്‍ രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകരുടേയും, നീതിന്യായ വ്യവസ്ഥയിലെ ഉന്നത ഉദ്യോഗസ്ഥരുടേയും, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപവര്‍ത്തകരുടേയും ഫോണ്‍ ചോര്‍ത്താന്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെയാണ്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിനു മുമ്പു ഫോണുകള്‍ ചോര്‍ത്തി മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ അട്ടിമറിച്ച് വളഞ്ഞ വഴിയിലൂടെയാണ് അധികാരത്തിലെത്തിയത് എന്നത് അങ്ങേയറ്റം വേദനപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിനേറ്റ് കനത്ത പ്രഹരമാണ്. അധികാരം പിടിച്ചെടുക്കാനും അതു നിലനിര്‍ത്താനും മോദി ഏതറ്റം വരെയും പോകുമെന്നു വ്യക്തം. പലസ്തീന്‍ വിരുദ്ധത മുഖമുദ്രയാക്കിയ സയണിസത്തിന്റ സഹായത്തോടെയാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതെന്നത് അതീവ ഗുരുതരമായ കണ്ടെത്തലാണ്.

ഇന്ത്യ ഏറെ നാള്‍ അകറ്റി നിര്‍ത്തിയിയിരുന്ന ഇസ്രയേലിന് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണ് ചുവന്ന പരവതാനി വിരിച്ചു കൊടുത്തത്. ഇസ്രയേലിന്റെ സയണിസവും നരേന്ദ്ര മോദിയുടെ ഹിന്ദുവതയും കൈകോര്‍ക്കുകയാണു ചെയ്തത്. 2017ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച ആദ്യത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. തുടര്‍ന്ന് 2018ല്‍ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്ത്യ സന്ദര്‍ശിച്ച് സൗഹൃദം ഊട്ടിയുറപ്പിച്ചു.

ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെ അതീവ ഗുരുതരമായാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം കാണുന്നത്. ഇതിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും അതിശക്തമായ പോരാട്ടം ഉണ്ടാകുമെന്ന് സുധാകരന്‍ പറഞ്ഞു.