പാർലമെന്‍റ് തിരഞ്ഞെടുപ്പ്; സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം മുഖ്യ ചർച്ച വിഷയമാകുമെന്ന് കെ സുധാകരൻ

Jaihind Webdesk
Wednesday, February 28, 2024

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയവരും കൊലയ്ക്ക് അനുമതി നൽകിയവരും ഇപ്പോഴും നിയമത്തിനു പുറത്താണെന്നും ഗൂഢാലോചന കേസിൽ നീതി കിട്ടും വരെ പോരാട്ടം തുടരുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി . സിപിഎമ്മിന്‍റെ അക്രമരാഷ്ട്രീയം പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ച വിഷയമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാരായ നേതാക്കൾ സി.പി.എമ്മിലും ഭരണത്തിലുമുള്ളത് കേരളത്തെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.

ടി പി കേസിലെ പുതിയ ശിക്ഷാവിധി 51 വെട്ടിനേക്കാൾ വലിയ പ്രഹരമാണ് സിപിഎമിന് നൽകിയതെന്നും സിപിഎം ഒരു കൊലയാളി പാര്‍ട്ടിയാണെന്നും ഹൈക്കോടതി വിധി വ്യക്തമാക്കിയതായും കെ.സുധാകരന്‍ പറഞ്ഞു.ഗൂഢാലോചന നടത്തിയവരും കൊലയ്ക്ക് അനുമതി നൽകിയവരും ഇപ്പോഴും നിയമത്തിനു പുറത്താണെന്നും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്‍റെ ആക്രമരാഷ്ട്രീയം പാർലമെന്‍റ് തിരഞ്ഞെടുപ്പിൽ മുഖ്യ ചർച്ച വിഷയമാകുമെന്നും പിണറായിയുടെ ഉന്മൂലന രാഷ്ട്രീയത്തിന്‍റെ പ്രകടനമായിരുന്നു നവകേരള സദസിലെ അക്രമ പരമ്പരയെന്നും അദ്ദേഹം പറഞ്ഞു.

എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരന്‍മാര്‍ നേതാക്കളായ സി.പി.എമ്മാണ് അധികാരത്തില്‍ ഇരിക്കുന്നതെന്ന യാഥാര്‍ത്ഥ്യം കേരളത്തെ ഭയപ്പെടുത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്ത ക്രിമിനലുകളുടെ ക്രൂരസംഘമായി എസ്എഫ്ഐയെ സിപിഎം വളർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.