ബിജെപിയും സിപിഎമ്മും ഒറ്റക്കെട്ട് ; ഇരട്ടശത്രുക്കളെ നേരിടാന്‍ കോണ്‍ഗ്രസ് കൂടുതല്‍ കരുത്താര്‍ജ്ജിക്കും: കെ.സുധാകരന്‍

തിരുവനന്തപുരം : ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന ബിജെപി, സിപിഎം സഖ്യത്തെ നേരിടാന്‍ കോണ്‍ഗ്രസിന് പുതിയ മുഖവും ശൈലിയും നല്‍കാനാണ് ശ്രമമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍ എം.പി. തിരുവനന്തപുരം ഡിസിസിയില്‍ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയായതില്‍ പിണറായി വിജയന് കടപ്പാടുള്ളത് ബിജെപിയോടും നരേന്ദ്ര മോദി സര്‍ക്കാരിനോടുമാണ്. ബിജെപിയുടെ അന്ധമായ കോണ്‍ഗ്രസ് വിരോധമാണ് രണ്ടാം പിണറായി സര്‍ക്കാരിന് കാരണം. ഇടതുപക്ഷത്തെ കുരുക്കിലാക്കാവുന്ന ഒരവസരവും ബിജെപി വിനിയോഗിക്കുന്നില്ല. അന്വേഷണ ഏജന്‍സികള്‍ തലങ്ങും വിലങ്ങും കയറി ഇറങ്ങിയിട്ടും ഒരു തൂവല്‍പോലും ഇളകിയില്ല. എന്തിന്‍റെ ഉറപ്പിലാണ് പിണറായി നില്‍ക്കുന്നതെന്ന് ഊഹിക്കാവുന്നതാണ്. ലാവലിന്‍ കേസ് എത്ര തവണയാണ് സുപ്രീംകോടതി മാറ്റിവെച്ചത്. ഈ കേസില്‍ സിബിഐയുടെ നിലപാട് മാറ്റത്തിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗൈഡന്‍സുണ്ട്.

കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസില്‍ ഗോള്‍വാള്‍ക്കറെ പഠിപ്പിക്കണമെന്ന് തീരുമാനിച്ചത് ഉന്നതവിദ്യാഭ്യാസ മന്ത്രിയും സിന്‍ഡിക്കേറ്റ് അംഗങ്ങളും സിപിഎം നേതൃത്വവും അറിഞ്ഞെടുത്ത തീരുമാനമാണ്. ആര്‍.എസ്.എസിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം സര്‍വകലാശാലയെ കൂട്ടുപിടിക്കുകയാണ്. ബിജെപി സിപിഎം ധാരണയുടെ ഒടുവിലത്തെ ഉദാഹരണമാണിതെന്നും സുധാകരന്‍ പറഞ്ഞു.

 

Comments (0)
Add Comment