‘വിദേശത്തേക്ക് ഒളിച്ചുപോയതാണ് തെറ്റ്’; മുഖ്യമന്ത്രി മുങ്ങിയത് മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയന്നിട്ടെന്ന് കെ. സുധാകരന്‍

Jaihind Webdesk
Wednesday, May 8, 2024

 

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി വിജയന്‍ മുങ്ങിയതെന്ന്
കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചു കടന്നതാണ്തെറ്റെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെപിസിസി പ്രസിഡന്‍റിന്‍റെ ചുമതല വീണ്ടും ഏറ്റെടുത്തശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് പ്രവർത്തകസമിതി അംഗം എ.കെ. ആന്‍റണിയെ സന്ദർശിച്ചശേഷമാണ് കെ. സുധാകരൻ എംപി വീണ്ടും കെപിസിസി അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

എ.കെ. ആന്‍റണിയുടെ വസതിയിൽ എത്തിയ അദ്ദേഹം 15 മിനിറ്റോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. പിന്നീട് ഇന്ദിരാഭവനിലേക്ക് എത്തിയ കെ. സുധാകരൻ ചെറിയൊരു ഇടവേളയ്ക്കുശേഷം കെപിസിസി അധ്യക്ഷസ്ഥാനം വീണ്ടും ഏറ്റെടുത്തു. മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആയിരുന്നു അദ്ദേഹം വീണ്ടും ചുമതല ഏറ്റെടുത്തത്.

പിന്നീട് മാധ്യമങ്ങളെ കണ്ട അദ്ദേഹം മുഖ്യമന്ത്രിയുടെ വിദേശയാത്രയെ തുറന്നു വിമർശിച്ചു. മുഖ്യമന്ത്രി വിദേശയാത്ര പോകുന്നത് തെറ്റല്ലെന്നും ഒളിച്ചുകടന്നതാണ് തെറ്റെന്നും അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് പിണറായി മുങ്ങിയതെന്ന് അദ്ദേഹം കുറ്ററപ്പെടുത്തി. ഗുരുതരമായ പ്രശ്നങ്ങൾ കേരളം അഭിമുഖീകരിക്കുമ്പോൾ ക്യാബിനറ്റ് യോഗം പോലും നടത്താതെ മുഖ്യമന്ത്രി മാറിനിൽക്കുന്നത് തെറ്റായ സമീപനമാണെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ വിദേശയാത്രയുടെ സ്പോൺസറെ കുറിച്ച് കോൺഗ്രസ് അന്വേഷിക്കുകയാണെന്നും ഇതു കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസിനെ സെമികേഡര്‍ പാർട്ടിയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുമെന്ന് കെ. സുധാകരന്‍ പറഞ്ഞു. താൻ ചുമതല ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ഉണ്ടാക്കിയ വിവാദം മാത്രമാണെന്നും പാർട്ടിയിൽ യാതൊരു വിധമായ പ്രശ്നവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.