ഹമാസിനെക്കുറിച്ചുള്ള കെ. സുധാകരന്‍ എംപിയുടെ ചോദ്യത്തില്‍ കുരുങ്ങി കേന്ദ്രം; മറുപടി തന്‍റേതല്ലെന്ന് മന്ത്രി മീനാക്ഷി ലേഖി, വിവാദം

Jaihind Webdesk
Sunday, December 10, 2023

 

ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനുള്ള നിര്‍ദേശം കേന്ദ്രസര്‍ക്കാരിന്‍റെ മുന്നിലുണ്ടോ എന്നതായിരുന്നു ലോക്സഭയില്‍ നക്ഷത്രചിഹ്നമിടാത്ത ചോദ്യമായി കെ. സുധാകരന്‍ ഉന്നയിച്ചത്. ഇതിന് കേന്ദ്ര  സർക്കാർ നല്‍കിയ മറുപടിയില്‍ വിവാദം. ഭീകരവാദ നിരോധന നിയമപ്രകാരമാണ് ഒരു സംഘടനയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിക്കുന്നതെന്നും അത്തരത്തില്‍ ഏതൊരു സംഘടനയെയും തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെ നിയമങ്ങളിലെ വ്യവസ്ഥകള്‍ അനുസരിച്ചാണെന്നുമായിരുന്നു വിദേശ കാര്യ സഹമന്ത്രി മീനാക്ഷി ലേഖിയുടെ പേരിലുള്ള മറുപടി. എന്നാല്‍ തൊട്ടുപിന്നാലെ തന്‍റെ പേരില്‍ നല്‍കിയ മറുപടിയെ തള്ളിപ്പറഞ്ഞ് മീനാക്ഷി ലേഖി തന്നെ രംഗത്തെത്തിയതോടെ വിവാദമായി.

മറുപടി ഹമാസിനെ ഭീകരവാദസംഘടനയായി പ്രഖ്യാപിക്കുന്നതിനെ തത്ത്വത്തില്‍ അനുകൂലിക്കുന്നുവെന്ന് ഒരു വിഭാഗവും എതിര്‍ക്കുന്നതാണെന്ന് മറുവിഭാഗവും വാദമുയര്‍ത്തി. താനറിയാതെയാണ് പാര്‍ലമെന്‍റ് വെബ്സൈറ്റില്‍ മറുപടി പ്രസിദ്ധീകരിച്ചുവന്നതെന്ന് വിശദീകരിച്ച് മന്ത്രി മീനാക്ഷി ലേഖി രംഗത്തെത്തി. ഈ ചോദ്യവുമായി ബന്ധപ്പെട്ട ഒരു കടലാസിലും താന്‍ ഒപ്പുവെച്ചിട്ടില്ലെന്നും ഇത് തെറ്റായ വിവരമാണെന്നും അവര്‍ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സംഭവത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പിന്നീട് ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ മീനാക്ഷി ലേഖി ആരോപിച്ചു. താന്‍ ഒപ്പിടാത്ത മറുപടി എങ്ങനെ തന്‍റെ പേരില്‍ വന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മീനാക്ഷി ലേഖി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും പരാതിയും നല്‍കി. മന്ത്രിയുടെ പ്രതിഷേധത്തെ തുടർന്ന് ഇതു സംബന്ധിച്ച ഉത്തരം വിദേശകാര്യ മന്ത്രാലയത്തിന്‍റെ വെബ്സൈറ്റില്‍ നിന്ന് നീക്കി. പാര്‍ലമെന്‍റ്  വെബ്സൈറ്റില്‍ നിന്ന് നീക്കുമെന്നും അതിന് നടപടിക്രമങ്ങളുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. എന്നാല്‍ മന്ത്രിയുടെ ഒപ്പില്ലാതെ എങ്ങനെ വെബ്സൈറ്റില്‍ മറുപടിവന്നുവെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മീനാക്ഷി ലേഖി വ്യക്തമായ ഉത്തരം നല്‍കിയില്ല. ഇതോടെ വിദേശകാര്യ മന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായി വി. മുരളീധരന്‍റേതായിരുന്നു ഉത്തരമെന്നും സാങ്കേതിക പിഴവ് മൂലം പേരു മാറിപ്പോയതാണെന്നും വക്താവ് അരിന്ദം ബാഗ്ചി വിശദീകരിച്ചു. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ വി. മുരളീധരനും തയാറായില്ല.

മന്ത്രാലയത്തിന് ലഭിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് മന്ത്രി എസ്. ജയശങ്കറോ സഹമന്ത്രിമാരോ ആയിരിക്കും. ആര് മറുപടി നല്‍കിയാലും അത് സർക്കാരിന്‍റെ ഉത്തരമായിരിക്കും. ഇനി സാങ്കേതികപ്പിഴവാണെങ്കില്‍ കൂടി മന്ത്രാലയത്തിനുള്ളില്‍ തീരേണ്ട വിഷയത്തില്‍ മന്ത്രി പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്നതിന്‍റെ സൂചന കൂടിയാണ് വ്യക്തമാകുന്നത്. ലോഗിന്‍ വിഷയങ്ങളുടെ പേരില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയ സാഹചര്യത്തില്‍ മന്ത്രിയുടെ അറിവില്ലാതെ ഉത്തരം നല്‍കിയത് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. മീനാക്ഷി ലേഖിയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കെ. സുധാകരന്‍ എംപി.