കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ നിറകണ്‍ചിരി; ശങ്കര്‍ജി യാത്രയാകുമ്പോള്‍…

Jaihind Webdesk
Monday, April 25, 2022

 

പാലക്കാട്: കോൺഗ്രസ് രാഷ്ട്രീയത്തിലെ നിറകൺചിരിയാണ് കെ ശങ്കരനാരായണന്‍റെ നിര്യാണത്തോടെ നഷ്ടമാകുന്നത്. സാർത്ഥകമായ ആ ജീവിത വഴികളിലൂടെ ഒരു യാത്ര.

ചിരി ആരോഗ്യത്തിന് നല്ലതാണെങ്കിൽ കെ ശങ്കര നാരായണൻ മികച്ചൊരു വൈദ്യനാണ്. രാഷ്ട്രീയത്തിൽ അദ്ദേഹം ഒരുക്കിയ ഔഷധക്കൂട്ടുകൾ കൊണ്ട് ഒരു പാട് അസുഖങ്ങൾ ഭേദമായിട്ടുണ്ട് എന്നത് വേറെ കാര്യം. എന്തിനും ഏതിനും പാലക്കാട്ടുകാരുടെ ശങ്കർജിയുടെ കൈയിൽ പ്രതിവിധിയുണ്ട്. ശേഖരീപുരത്തെ വസതിയുടെ വാതിലുകൾ തുറന്നുതന്നെ കിടക്കും.

കോൺഗ്രസ് രാഷ്ട്രീയത്തിലെ ഒരു ക്രൗഡ് പുള്ളർ തന്നെയായിരുന്നു ശങ്കര നാരായണൻ. വടിവൊത്ത ജുബ്ബയുമിട്ട് താളത്തിലുള്ള ആ പ്രസംഗം കേൾക്കാൻ ആൾക്കൂട്ടം ഇരമ്പുമായിരുന്നു. രാഷ്ട്രീയത്തിൽ തനിക്ക് ശത്രുക്കളില്ലാത്ത ഒരു നേതാവ് എന്ന വിശേഷണത്തിന് തികച്ചും അർഹൻ. സൽക്കാര പ്രിയനായ ശങ്കരനാരായണന്‍റെ ആതിഥ്യമധുരം നുണയാൻ എത്തുന്നവർക്ക് ഒരു പക്ഷമേയുള്ളൂ. അത് ശങ്കർജിയുടെ ഹൃദയ പക്ഷമാണ്.

പാലക്കാട് പോലെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മണ്ണിൽ കോൺഗ്രസിന്‍റെ മൂവർണ്ണ പതാക ഉയർന്നുപറക്കുന്നത് കെ ശങ്കര നാരായണന്‍റെ കൂടി നേതൃ മികവിലാണ്. വിദ്യാർത്ഥി കാലഘട്ടം മുതൽ ദേശീയ പ്രസ്ഥാനത്തിനൊപ്പം ചേർന്നുനിന്നു. പിന്നീട്
എംഎൽഎയും മന്ത്രിയും ഗവർണറും ഒക്കെയായി തിളങ്ങുമ്പോഴും പിന്നിട്ട വഴികളെ മറക്കാതെ വളർന്ന മണ്ണിൽ വേരുറപ്പിച്ച് തന്നെയാണ് ആ രാഷ്ട്രീയ വൃക്ഷം പന്തലിച്ചത്. അനേകർക്ക് താങ്ങായി തണലായി നിന്ന കെ ശങ്കര നാരായണൻ ഓർമയാകുമ്പോൾ കാലവും ചരിത്രവും സാക്ഷിയാകുന്നു.