ചെറിയ വര്‍ദ്ധനവു നല്‍കി സമരം അവസാനിപ്പിക്കണമെന്ന് കെ സച്ചിദാനന്ദന്‍; ഇടത് സര്‍ക്കാര്‍ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് ; ആശാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൗരസാഗരം

Jaihind News Bureau
Saturday, April 12, 2025

കഴി്ഞ്ഞ രണ്ടു മാസത്തിലേറെയായി ഇടതു സര്‍ക്കാര്‍ അവഗണിച്ചു തോല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ആശാ സമരത്തിന് പിന്തുണയുമായി പൗരസാഗരം സംഘടിപ്പിച്ചു. സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ ആശമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരവേദിയിലെത്തി. ആശാ വര്‍ക്കര്‍മാരുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള സാഹിത്യ അക്കാദമി മുന്‍ ചെയര്‍മാന്‍ കെ സച്ചിദാനന്ദന്‍ വീണ്ടും ഒരു വീഡിയോയുമായെത്തി. പൗരസാഗരത്തെ അദ്ദേഹം അഭിസംബോധന ചെയ്തത് വീഡിയോയിലൂടെയായിരുന്നു. ആശമാര്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

ആശാസമരത്തില്‍ സര്‍ക്കാരിനെതിരെ എഴുത്തുകാരി സാറാ ജോസഫ്. ഇടത് സര്‍ക്കാര്‍ മുതലാളിയെ പോലെ പെരുമാറുന്നുവെന്ന് സാറാ ജോസഫ് പറഞ്ഞു. മുതലാളിയുടെ ലക്ഷ്യം തൊഴിലാളികളെ ചൂഷണം ചെയ്യലാണ്. ഇടതു സര്‍ക്കാരിന്റെ മുന്നില്‍ സമരം ചെയ്യുന്ന തൊഴിലാളി വര്‍ഗം സ്ത്രീകളാണ്. സമരം തീര്‍ക്കാതിരിക്കുന്നത് ദുരഭിമാനത്തിന്റെയും മര്‍ക്കട മുഷ്ടിയുടെയും പ്രശ്‌നമാണെന്നും സാറാ ജോസഫ് വിമര്‍ശിച്ചു. സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമാണ് സച്ചിദാനന്ദന്‍ ഉന്നയിച്ചത്. സ്ത്രീകള്‍ എന്ന പരിഗണന പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ മറുപടികള്‍ നിര്‍ഭാഗ്യകരമെന്നും കെ സച്ചിദാനന്ദന്‍ കുറ്റപ്പെടുത്തി. ചെറിയ ഒരു വര്‍ധന എങ്കിലും അനുവദിച്ച് എന്ത് കൊണ്ട് സമരം അവസാനിപ്പിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിന്റെ ആരോഗ്യ രംഗത്തെ കുറിച്ച് അഭിമാനം ഉണ്ടെങ്കില്‍ അതിന് പ്രധാന കാരണം ആശമാരെന്നും അവകാശം പോലും ചോദിക്കാന്‍ അവകാശമില്ലാത്ത അഭയാര്‍ത്ഥികള്‍ ആണോ ആശാവര്‍ക്കര്‍മാരെന്നും കെ സച്ചിദാനന്ദന്‍ ചോദിച്ചു. ആശാ സമരത്തിന്റെ തുടക്കം മുതല്‍ സച്ചിദാനന്ദനും സാറാ ജോസഫും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു

ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാ പ്രവര്‍ത്തകര്‍ സമരം തുടങ്ങിയിട്ട് 62 ദിവസം പിന്നിട്ടു. നിരാഹാര സമരം 24-ാം ദിവസവും തുടരുകയാണ്. സമരം സമവായത്തിലെത്തിലെത്താതെ ഇപ്പോഴും തുടരുന്നു.