‘കെ റെയില്‍ കേരളത്തിന്‍റെ പരിസ്ഥിതിയെ നശിപ്പിക്കും; സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പ്’: ശശികാന്ത് സോണാവനെ

Jaihind Webdesk
Tuesday, May 10, 2022

 

കണ്ണൂർ : കെ റെയിൽ വിഷയത്തിൽ സിപിഎമ്മിനും ബിജെപിക്കും ഇരട്ടത്താപ്പെന്ന് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമര സമിതി നേതാവ് ശശികാന്ത് സോണാവനെ. ദേശീയ തലത്തിൽ സിപിഎമ്മിന്‍റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമാണ് കെ റെയിലിലെ അവരുടെ നിലപാടെന്നും കേരളത്തിലെ പരിസ്ഥിതിയെ നശിപ്പിക്കുന്നതാണ് പദ്ധതിയെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

കെ റെയിൽ വിഷയത്തിൽ ഇടതുസർക്കാർ എടുത്ത നിലപാടിനെതിരെ ശക്തമായ വിമർശനവുമായാണ് മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമര സമിതി നേതാവ് ശശികാന്ത് സോണാവനെ രംഗത്തെത്തിയത്. സിൽവർ വിഷയത്തിൽ സി പി എമ്മിന് ഇരട്ടത്താപ്പാണ്. കേരളത്തിലെ സിൽവർലൈൻ സമരസമിതി ഉന്നയിക്കുന്ന അതേ കാര്യങ്ങൾ തന്നെയാണ് ബുള്ളറ്റ് ട്രെയിൻ വിരുദ്ധ സമരത്തിൽ പങ്കാളികളായിക്കൊണ്ട് സിപിഎമ്മും ഉന്നയിച്ചത്.

ലഭ്യമായ സാങ്കേതികവിദ്യ ഉപയോഗിച്ച് റെയിൽവേ സംവിധാനം മെച്ചപ്പെടുത്തുകയാണ് വേണ്ടത്. കെ റയിൽ പദ്ധതി വന്നാൽ
വലിയ പരിസ്ഥിതി നാശം ഉണ്ടാവും. നിരവധി പ്രളയം കണ്ട സ്ഥലമാണ് കേരളം. അത്തരമൊരിടത്ത് കെ റെയിൽ നടപ്പാക്കുന്നത് കൂടുതൽ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ബിജെപി കെ റെയിൽ പദ്ധതിയെ എതിർക്കുന്നതും ഇരട്ടത്താപ്പാണ്. മഹാരാഷ്ട്രയിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി കൊണ്ടുവരുന്നതിനെ പിന്തുണച്ചവരാണ് ബിജെപി. കെ റെയിൽ സർവേ നിർത്തിവെച്ച് ബദൽ നിർദേശങ്ങളെക്കുറിച്ച് പഠിക്കാൻ ഒരു വിദഗ്ധ സംഘത്തെ നിയോഗിക്കാൻ കേരള സർക്കാർ തയാറാവണമെന്നും ശശികാന്ത് സോണാവനെ പറഞ്ഞു.
ഡോക്ടർ ഡി സുരേന്ദ്രനാഥ്, എൻ സുബ്രഹ്മണ്യൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.