കോട്ടയം: നട്ടാശേരിയില്‍ കെ റെയില്‍ കല്ലിടലിനെതിരെ അതിശക്തമായ പ്രതിഷേധം. കല്ല് സ്ഥാപിക്കുന്നതിനെതിരെ സമരക്കാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്തെത്തിയതോടെ ഉദ്യോഗസ്ഥർക്ക് കല്ലിടല്‍ നിർത്തിവെക്കേണ്ടിവന്നു. 12 ഇടങ്ങളിലാണ് ഇന്ന് രാവിലെ കെ റെയില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചത്. കല്ലുകള്‍ പിഴുതെറിഞ്ഞ സമരക്കാർ പെരുമ്പായിക്കാട് വില്ലേജ് ഓഫീസിന് മുന്നിലും കല്ല് സ്ഥാപിച്ചു.
ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥർ നട്ടാശേരി കുഴിയലിപ്പടിയിൽ 12 സര്‍വേ കല്ലുകള്‍ സ്ഥാപിച്ചത്. എല്ലാ കല്ലുകളും പ്രതിഷേധക്കാർ പിഴുതെറിഞ്ഞു. ഇതില്‍ ഒരു കല്ലാണ് പ്രതീകാത്മകമായി പെരിമ്പായിക്കാട് വില്ലേജ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചത്. അതിരടയാള കല്ലിൽ ഒരെണ്ണം ഡിസിസി നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ മീനച്ചിലാറ്റിലേക്ക് വലിച്ചെറിഞ്ഞു. കല്ലുകള്‍ കൊണ്ടുവന്ന ലോറിയില്‍ തന്നെ ബാക്കി 10 കല്ലുകള്‍ തിരിച്ചിട്ടു. കോട്ടയം ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കല്ല് വില്ലേജ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചത്.