കെ റെയില്‍: കേസുകള്‍ പിന്‍വലിച്ച് പിണറായി ജനങ്ങളോട് മാപ്പ് പറയണമെന്ന് കെ സുധാകരന്‍ എംപി

Jaihind Webdesk
Wednesday, February 2, 2022

ന്യൂഡല്‍ഹി : പിണറായി സര്‍ക്കാരിന് ഒളിച്ചുവെക്കാന്‍ നിരവധി കാര്യങ്ങളുള്ളതിനാലാണ് ഡിപിആര്‍ പോലുമില്ലാതെ കെ റെയില്‍ പദ്ധതിയുമായി മുന്നോട്ടുപോയതെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. കെ റെയില്‍ സര്‍‌വേയുടെ പേരില്‍ ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ പിണറായി പരസ്യമായി മാപ്പ് പറയാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിശദമായ പദ്ധതിരേഖ കേരളം സമര്‍പ്പിച്ചിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ആശങ്ക പൂര്‍ണ്ണമായും ദുരീകരിച്ചാവണം കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകേണ്ടത്.   നാടിന് ഗുണകരമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സർക്കാരിന് കഴിയാത്തിടത്തോളം പദ്ധതിയെ അനുകൂലിക്കാന്‍ കഴിയില്ല. ഡിപിആർ കാണിച്ച് ജനങ്ങളോട് വിശദീകരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. യാതൊരു അനുമതിയുമില്ലാതെ ഇത്തരമൊരു പദ്ധതി തിടുക്കപ്പെട്ട്നടപ്പിലാക്കാന്‍ ശ്രമിച്ചത് സര്‍ക്കാരിന് ഒളിച്ചുവെക്കാൻ ഒരുപാടുള്ളതുകൊണ്ടാണ്. എന്തുകൊണ്ടാണ് ഡിപിആര്‍ പോലുമില്ലാതെ ധൃതിപിടിച്ച് മുന്നോട്ട് പോയതെന്ന് മുഖ്യമന്ത്രി വിശദീകരിക്കണമെന്ന് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു.

ഭൂമി ഏറ്റെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രമന്ത്രി തനിക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയതായി കെ സുധാകരന്‍ എംപി പറഞ്ഞു. പ്രകൃതിയെയും ജനങ്ങളെയും ദ്രോഹിക്കുന്നതാണ് പദ്ധതി. ഇത്തരമൊരു പദ്ധതിയുടെ വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാനും നിലവിലെ സാഹചര്യത്തില്‍ കേരളത്തിനാവില്ല. സില്‍വര്‍ ലൈനിന് യുഡിഎഫ് ബദൽ സംവിധാനം മുന്നോട്ട് വെച്ചിട്ടുണ്ട്. കേന്ദ്രം പ്രഖ്യാപിച്ച 400 വന്ദേഭാരത് ട്രെയിനുകളിലെ നാലോ അഞ്ചോ ട്രെയിനുകളെങ്കിലും കേരളത്തിന് ലഭിച്ചാൽ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.

കോടതി ഉത്തരവ് പോലും ലംഘിച്ച് ഭൂമി സർവേ നടത്താൻ പിണറായിക്ക് ആരാണ് അധികാരം നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും തെറ്റ് തിരുത്താൻ പിണറായി തയാറാകണം. തികച്ചും ഏകാധിപത്യശൈലിയിലാണ് പിണറായി പോലീസിനെ ഉപയോഗിച്ച് സർവേ നടത്തിയത്. എതിര്‍ശബ്ദം ഉയര്‍ത്തിയ കിടപ്പാടം നഷ്ടമാകുന്നവരെ അടിച്ചമര്‍ത്തി. സ്വന്തം ഭൂമി രക്ഷിക്കാൻ പാടുപെടുന്നവരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ പിണറായിക്ക് എന്തവകാശമാണുള്ളത്. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകൾ പിൻവലിക്കണം. തെറ്റ് ഏറ്റുപറഞ്ഞ് ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ പിണറായി തയാറാകണമെന്നും കെ സുധാകരൻ എംപി ആവശ്യപ്പെട്ടു.

 

https://www.facebook.com/JaihindNewsChannel/videos/615891502812521