തലശ്ശേരി – മൈസൂർ റെയിൽപാത: കെ. മുരളീധരൻ എംപി നിവേദനം നൽകി

Jaihind Webdesk
Thursday, July 25, 2019

ന്യൂഡൽഹി: തലശേരിയിൽ നിന്ന് മാനന്തവാടി വഴി മൈസൂറിലേക്കുള്ള പരിസ്ഥിതി സൗഹൃദ റെയിൽപാത യാഥാർത്ഥ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നൽകിയ നിവേദനത്തിൽ കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. കബനി നദിക്കു സമാന്തരമായി 11.5 കിലോമീറ്റർ ദൂരം തുരങ്കം നിർമ്മിച്ച് മാനന്തവാടി, കേണിച്ചിറ, പുൽപ്പള്ളി, സർഗുർ, കോട്ട കഡക്കോള വഴി കടന്നുപോകുന്ന പാതയെ കർണാടക സർക്കാരും അനുകൂലിക്കുന്നു. ബ്രഹ്മഗിരി വന്യമൃഗ സങ്കേതം, നാഗർഹോള ദേശീയ ഉദ്യാനം, ബന്ദിപ്പൂർ കടുവാ സങ്കേതം, വയനാട് വന്യമൃഗ സങ്കേതം എന്നിവ ഒഴിവാക്കിയാണ് പാത. രണ്ടാം ലോകമഹായുദ്ധ സമയത്ത് ബ്രിട്ടീഷുകാരാണ് പാതയുടെ സാദ്ധ്യത കണ്ടെത്തിയത്. ആദ്യ റെയിൽ മന്ത്രിയായ ലാൽബഹാദൂർ ശാസ്‌ത്രി പദ്ധതിയിൽ താത്പര്യം കാണിച്ചെങ്കിലും നടപടിയുണ്ടായില്ല. പദ്ധതി നടപ്പായാൽ പാലക്കാട് റൂട്ടിലെ റെയിൽ ഗതാഗതത്തിന് ആശ്വാസമാകും. കൊങ്കൺറെയിൽവേ തയ്യാറാക്കിയ പദ്ധതി റിപ്പോർട്ടും എസ്‌റ്റിമേറ്റും എം.പി സമർപ്പിച്ചു.
പെട്ടെന്ന് മൈസൂറിലെത്താൻ പാത പ്രയോജനകരമായതിനാൽ റെയിൽവെ പിന്തുണയ്‌ക്കുമെന്ന് റെയിൽവെ മന്ത്രി പറഞ്ഞെന്ന് എംപി അറിയിച്ചു. നിർമ്മാണ ചെലവ് പ്രശ്‌നമാകും. ഭൂമി ഏറ്റെടുപ്പ് ചെലവ് സംസ്ഥാന സർക്കാർ വഹിക്കണം. പദ്ധതിക്ക് കൊങ്കൺ റെയിൽവെയുടെ സഹായം തേടാമെന്നും മന്ത്രി നിർദ്ദേശിച്ചു.