നഗരസഭയിലെ നികുതി വെട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം ; തട്ടിപ്പ് കണ്ട് പിടിക്കാനാകാത്ത മേയർക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ല : കെ മുരളീധരന്‍

Thursday, October 14, 2021


തിരുവനന്തപുരം നഗരസഭയില്‍ നടന്ന നികുതി വെട്ടിപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍ എംപി. മേയര്‍ ആര്യ രാജേന്ദ്രന്‍ വിടുവായിത്തം പറയുകയാണ്. കക്കാന്‍ വേണ്ടി സിപിഎം നിയോഗിച്ച ഡമ്മി മേയറാണ് ആര്യ രാജേന്ദ്രനും കെ മുരളീധരന്‍ എം പി കുറ്റപ്പെടുത്തി. തിരുവനന്തപുരം നഗരസഭയില്‍ നികുതി തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർ നൽകുന്ന നികുതിയാണ് വെട്ടിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ നടത്തിയ കോടികളുടെ തട്ടിപ്പ് കണ്ട് പിടിക്കാനാകാത്ത മേയർക്ക് സ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും സിപിഎമ്മിന്‍റെ ജില്ലാ കമ്മിറ്റിക്ക് അറിവുള്ള  തട്ടിപ്പിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.