കെ എം ഷാജിക്കെതിരായ നടപടി: പിണറായി പിന്തുടരുന്നത് മോദിയുടെ അതേ സമീപനം, യുഡിഎഫ് നേതാക്കളെ നിശബ്ദരാക്കാമെന്ന് കരുതേണ്ട: കെ.മുരളീധരൻ എം പി

Jaihind News Bureau
Saturday, April 18, 2020

 

കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ്  മുഖ്യമന്ത്രിയുടെ ഭീകരമുഖം ഒന്നുകൂടി തുറന്ന് കാട്ടിയിരിക്കുകയാണെന്ന് കെ.മുരളീധരൻ എം പി.  രാഷ്ട്രീയ പ്രതിയോഗികളെ ആശയപരമായി നേരിടുന്നതിനു പകരം കേസുകളിൽ കുടുക്കി നിശബ്ദരാക്കാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ സമീപനമാണ് പിണറായി വിജയനും. അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കാതെ ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ് ഭരണാധികാരി എങ്ങനെ ആയിരിക്കണമെന്ന് കാണിച്ചുതരിക കൂടിയാണ് പിണറായി വിജയൻ ചെയ്തത്.

2014 ലെ സംഭവത്തിന്‍റെ പേരിലുള്ള 2017ലെ കള്ളപരാതിയിൻമേൽ കേസ് എടുത്തതിന്‍റെ  ഉദ്ദേശം സാധാരണക്കാരനു പോലും മനസ്സിലാകുന്നതാണ്. മാത്രമല്ല എം എൽ എ എന്ന നിലയിൽ കേസെടുക്കുന്നതിന് സ്പീക്കർ അനുമതി നൽകുന്നതിന് മുൻപ് എം എൽ എയുടെ വാദം കേൾക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയും വിവരം പാർട്ടി ചാനലിൽ കൂടി സംപ്രേക്ഷണം ചെയ്യാൻ അനുമതി നൽകുകയും ചെയ്ത സ്പീക്കറുടെ നടപടി അത്യന്തം ഖേദകരവും സാമാന്യ മര്യാദയ്ക്ക് യോജിക്കാത്തതുമാണ്.

തികച്ചും രാഷ്ട്രീയ പേരിതമായ ഇത്തരം നടപടികൾ കൊണ്ടൊന്നും യുഡിഎഫ് നേതാക്കളെ നിശബ്ദരാക്കാമെന്നും തകർക്കാമെന്നും കരുതേണ്ട . ഇത്തരം നീക്കങ്ങളെ നിയമനടപടി കളിലൂടെ നേരിട്ട് ജനങ്ങളുടെ മുമ്പിൽ സത്യസന്ധത തെളിയിക്കും. കെ എം ഷാജിക്ക് എല്ലാ രാഷ്ട്രീയ പിന്തുണയും നൽകുമെന്നും കെ.മുരളിധരൻ എം പി വടകരയിൽ പ്രസ്താവനയിൽ പറഞ്ഞു