
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠരര് രാജീവരരുടെ അറസ്റ്റോടെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെ. മുരളീധരന്‍. തന്ത്രിയെ വെറുമൊരു മറയാക്കി നിര്‍ത്തി ഉന്നതരായ മന്ത്രിമാരെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. സ്വന്തം വകുപ്പിന് കീഴില്‍ ഇത്ര വലിയ കൊള്ള നടന്നിട്ടും അത് കണ്ടുപിടിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ല എന്ന് പറയുന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
‘എല്ലാം തന്ത്രിയില്‍ അവസാനിപ്പിക്കാം എന്ന് സര്‍ക്കാര്‍ കരുതേണ്ട. ജയിലില്‍ കിടക്കുന്ന മൂന്ന് സി.പി.എം പ്രവര്‍ത്തകരും തന്ത്രിയും മാത്രമാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. സ്വര്‍ണ്ണം കടത്തിയത് മന്ത്രിയും ഭരണതലപ്പത്തുള്ളവരും അറിഞ്ഞില്ലെന്ന് പറഞ്ഞാല്‍ അത് ആര് വിശ്വസിക്കും? മന്ത്രി അറിഞ്ഞില്ലെങ്കില്‍ പിന്നെ എന്തിനാണ് അദ്ദേഹം ആ കസേരയില്‍ ഇരിക്കുന്നത്?’ – മുരളീധരന്‍ ചോദിച്ചു.
മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിലെ ദുരൂഹതയും അദ്ദേഹം ഉയര്‍ത്തിക്കാട്ടി. കടകംപള്ളിയെ ചോദ്യം ചെയ്തിട്ട് എന്ത് ഫലമാണുണ്ടായതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്. ‘ബിഹൈന്‍ഡ് ദി കര്‍ട്ടന്‍’ ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. സത്യം പുറത്തുകൊണ്ടുവരുന്നതിന് പകരം മന്ത്രിമാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിതെറ്റുകളിലേക്ക് താന്‍ കടക്കുന്നില്ലെന്ന് വ്യക്തമാക്കിയ മുരളീധരന്‍, കേസ് തന്ത്രിയില്‍ മാത്രം ഒതുക്കി തീര്‍ക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.