വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ട് ; ബാലശങ്കര്‍ തുറന്നുപറഞ്ഞത് ഈ ഡീല്‍ : കെ.മുരളീധരന്‍

Jaihind News Bureau
Thursday, March 18, 2021

 

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചത് ആര്‍എസ്എസ് വോട്ടുകൊണ്ടെന്ന് കെ.മുരളീധരന്‍ എം.പി. മുന്‍ തെരഞ്ഞെടുപ്പുകളില്‍ മൂന്നാം സ്ഥാനത്ത് എത്തിയവര്‍ എങ്ങനെ ഒന്നാം സ്ഥാനത്തെത്തിയെന്നും അദ്ദേഹം ചോദിച്ചു. ആര്‍.ബാലശങ്കര്‍ തുറന്നുപറഞ്ഞത് ഈ ഡീലിനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നേമം നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരന്തരം തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നത് കൊണ്ട് സഹതാപ വോട്ട് നൽകിയാണ് നേമത്ത് നേരത്തെ രാജഗോപാലിനെ ജയിപ്പിച്ചത്. സിപിഎം-ബിജെപി ഡീൽ തദ്ദേശ തെരഞ്ഞെടുപ്പിലും ഉണ്ടായിരുന്നു. മഞ്ചേശ്വരത്ത് കന്നഡ ഭാഷ അറിയാത്ത സ്ഥാനാർത്ഥിയെ നിർത്തുന്നത് ഡീലിൻ്റെ തെളിവ്. നേമത്തും സിപിഎമ്മും ബിജെപിയും ഡീലുണ്ട്. കുമ്മനം രാജശേഖരനും ശിവൻകുട്ടിയും പരസ്പരം വിമർശിക്കുന്നില്ല. തെരഞ്ഞെടുപ്പുകളിൽ നേമത്ത് യുഡിഎഫിന് വോട്ടു കുറഞ്ഞത് കോൺഗ്രസിന്‍റെയോ യുഡിഎഫിന്‍റെയോ പ്രശ്നം കൊണ്ടല്ല. പ്രായംചെന്ന മനുഷ്യനോട് തോന്നിയ സ്നേഹമാണ് ഒ രാജഗോപാലിന്‍റെ വിജയത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.