‘എസ്‌ഐടിയെ സർക്കാർ വിരട്ടുന്നു’; അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയിൽ സംശയമുണ്ടെന്ന് കെ. മുരളീധരന്‍

Jaihind News Bureau
Sunday, January 18, 2026

ശബരിമലയിലെ സ്വര്‍ണക്കൊള്ള വിവാദത്തില്‍ വാജിവാഹനം കൈമാറിയ നടപടിയില്‍ തെറ്റില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. കോടതിയുടെ കൃത്യമായ അറിവോടെയും നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചുമാണ് വാജിവാഹനം കൈമാറിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാര്‍ അനാവശ്യ സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് മുരളീധരന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ ഇടപെടലുകള്‍ കാരണം നിലവിലെ അന്വേഷണ സംഘത്തിന്റെ വിശ്വാസ്യതയില്‍ വലിയ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഎസ്എസ്സി റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുണ്ടോ എന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.