സ്പ്രിങ്ക്‌ളര്‍: ഐ.ടി സെക്രട്ടറി രാജി വയ്ക്കണം; സര്‍ക്കാരിന് കരാര്‍ റദ്ദാക്കേണ്ടിവരുമെന്ന് കെ.മുരളീധരന്‍ എം.പി

കോഴിക്കോട് : സംസ്ഥാന സര്‍ക്കാരിന് സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എം.പി. കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു . കേസില്‍  സുപ്രീം കോടതിയിൽ പോകേണ്ടി വരിക കേരളത്തിലെ പ്രതിപക്ഷത്തിനാകില്ല, മറിച്ച് സർക്കാരിനു തന്നെയാക്കും-മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ ഐ.ടി സെക്രട്ടറി രാജി വയ്ക്കണം.  വിവാദത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്തം  സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമാണെന്നും അദ്ദേഹം കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

രണ്ട് ലക്ഷം പേരുടെ ഡാറ്റ പോലും ശേഖരിക്കാൻ സംവിധാനം കേരളത്തിലില്ല എന്നത് നാണക്കേടാണ്. കോടതിയിൽ എത്തിയ ചിലരുടെ ഹർജിയിൽ തെളിവുകൾ ഉണ്ടായിരുന്നില്ല.  പ്രതിപക്ഷ നേതാവ് തെളിവോടു കൂടിയാണ് കോടതിയിൽ പോയത്. ബിജെപിയിലെ  ഒരു വിഭാഗത്തെ സ്വാധീനിച്ചു സർക്കാർ കൂടെ കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

സാലറി ചലഞ്ചിനെതിരേയും അദ്ദേഹം രംഗത്തെത്തി. സാലറി ചലഞ്ചിന്‍റെ പേരിൽ ആരോഗ്യ പ്രവര്‍ത്തകരുടെ ശമ്പളം പോലും പിടിച്ച ശേഷം വക്കീലിനെ കൊണ്ടു വരാൻ പണം ധൂർത്തടിക്കുകയാണ്. അഡ്വക്കറ്റ് ജനറൽ ഒരു കേസിലും ഹാജരാകാറില്ല.  എന്തിനാണ് ഇദ്ദേഹത്തിന് കാബിനറ്റ് പദവിയെന്നും അദ്ദേഹം ചോദിച്ചു.

സർക്കാർ സഹായങ്ങൾ പാർട്ടി ഓഫീസിൽ എത്തിച്ചു വിതരണം ചെയ്തു സ്വന്തം നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണ് സിപിഎം ചെയ്യുന്നത്. ദുരിതാശ്വാസ ഫണ്ട്‌ വകമാറ്റി ചിലവഴിക്കും എന്നത് കൊണ്ടാണ് ഫണ്ട് നൽകാത്തത്. പണം നൽകാൻ സന്നദ്ധരായവരെ വിലക്കുന്നുമില്ല എന്നും കെ മുരളീധരൻ പറഞ്ഞു.

Comments (0)
Add Comment