തൃശ്ശൂർ പുരം; വെടിക്കെട്ട് മുടങ്ങിയതിന് ഉത്തരവാദി സര്‍ക്കാർ: കെ.മുരളീധരന്‍

Jaihind Webdesk
Saturday, April 20, 2024

തൃശ്ശൂർ: തൃശ്ശൂർ പുരം വെടിക്കെട്ട് തടസ്സപ്പെട്ടതില്‍ പ്രതികരണവുമായി യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരന്‍. വെടിക്കെട്ട് മുടങ്ങിയതിന് സര്‍ക്കാരാണ് ഉത്തരവാദി. ഇന്നലെ രാത്രി മുതലാരംഭിച്ച അനിശ്ചിതത്വം ഇന്ന് രാവിലെ മാത്രമാണ് പരിഹരിച്ചത്. പൂരം എക്‌സിബിഷന്‍ മുതല്‍ അട്ടിമറി ശ്രമം തുടങ്ങിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് പൂരം അട്ടിമറിച്ചുവെന്നും പോലീസ് കാണിച്ചത് തോന്ന്യവാസം ആണെന്നും അദ്ദേഹം ആരോപിച്ചു. പകലന്തിയോളം വെള്ളം കോരിയിട്ട് കുടമുടച്ചു. ഇത് ദൗർഭാഗ്യകരമായി. അനാവശ്യ നിയന്ത്രണങ്ങൾ പൂരത്തിന്‍റെ ശോഭ കെടുത്തി. പകല്‍ വെടിക്കെട്ടും രാത്രി പൂരവും എന്ന സ്ഥിതിയാക്കിയത് സര്‍ക്കാരെന്നും അദ്ദേഹം വിമർശിച്ചു. പൂരം അട്ടിമറി അന്വേഷിക്കണം. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടാതിരുന്നത് ദൗര്‍ഭാഗ്യകരമെന്ന് അദ്ദേഹം പറഞ്ഞു.