
സിപിഎം ഭരണത്തിന് കീഴിൽ ശബരിമലയിലെ സ്വർണ്ണം മുതൽ രക്തസാക്ഷി ഫണ്ട് വരെ കൊള്ളയടിക്കപ്പെടുകയാണെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. പാർട്ടിയുടെ മൂല്യച്യുതിയാണ് ഇതിലൂടെ വെളിവാകുന്നതെന്നും, തെറ്റുകൾ തിരുത്താൻ ശ്രമിക്കുന്നവരെ പുറത്താക്കുന്ന സമീപനമാണ് നേതൃത്വത്തിനുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ബംഗാളിലെയും ത്രിപുരയിലെയും പോലെ സിപിഎം തകർച്ചയിലേക്ക് നീങ്ങുകയാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (SIT) പൂർണ്ണ പരാജയമാണെന്ന് മുരളീധരൻ ആരോപിച്ചു. കടകംപള്ളി സുരേന്ദ്രന്റെ രാജി ആവശ്യപ്പെട്ടത് വെറും ഫോട്ടോകളുടെ അടിസ്ഥാനത്തിലല്ല. യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് ചില ഫോട്ടോകൾ ഇപ്പോൾ പുറത്തുവിടുന്നത്. പ്രതികൾക്ക് ജാമ്യം ലഭിക്കാൻ പാകത്തിലാണ് അന്വേഷണം നടക്കുന്നത്. കുറ്റപത്രം സമർപ്പിക്കാൻ വൈകിയാൽ എല്ലാ കൊള്ളക്കാരും പുറത്തിറങ്ങുമെന്നും, നിലവിൽ തന്ത്രി മാത്രമാണ് ജയിലിൽ കഴിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരുവനന്തപുരം സന്ദർശനത്തെ ‘പവനായി ശവമായി’ എന്ന് മുരളീധരൻ പരിഹസിച്ചു. വലിയ അവകാശവാദങ്ങളുമായി വന്ന പ്രധാനമന്ത്രിയുടെ സന്ദർശനം കൊണ്ട് പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. മൂന്ന് മണിക്കൂർ കൊണ്ട് കണ്ണൂരിലെത്തുന്ന ബുള്ളറ്റ് ട്രെയിൻ അടക്കമുള്ള വാഗ്ദാനങ്ങൾ വെറും വീരവാദം മാത്രമാണ്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ബിജെപി മേയർ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും വിമാനത്താവളത്തിൽ അവർക്ക് പ്രവേശനം പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പരിഹസിച്ചു.