‘രഹസ്യം ചോരുമെന്ന ഭയത്തില്‍ കൊന്നവരെയും കൊല്ലും, കുഞ്ഞനന്തന്‍ മരിച്ചത് ദുരൂഹ സാഹചര്യത്തില്‍’; സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി കെ.എം. ഷാജി

Jaihind Webdesk
Thursday, February 22, 2024

 

മലപ്പുറം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി. ടിപി കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ. കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കെ.എം. ഷാജി ആരോപിച്ചു. ടിപി കൊലപാതക കേസിൽ പ്രതിയായിരുന്ന കുഞ്ഞനന്തൻ ഭക്ഷ്യ വിഷബാധ ഏറ്റാണ് മരിച്ചത്. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരൻ കൊലപാതകം എല്ലാ കാലത്തും സിപിഎമ്മിനെ തിരിഞ്ഞുകുത്തുന്നതാണ് രാഷ്ട്രീയ കേരളം കണ്ടിട്ടുള്ളത്. വർഷങ്ങൾക്കിപ്പുറം 2 സിപിഎം നേതാക്കളെക്കൂടി കഴിഞ്ഞ ദിവസം ഹൈക്കോടതി കേസിൽ പ്രതിചേർത്തതിന് പിന്നാലെയാണ് സിപിഎം നേതാക്കൾക്കെതിരെ കെ.എം. ഷാജിയുടെ ഗുരുതര ആരോപണം. ടി.പി. ചന്ദ്രശേഖരൻ കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് കെ.എം. ഷാജിയുടെ ആരോപണം. കുഞ്ഞനന്തൻ ഭക്ഷ്യവിഷബാധ ഏറ്റാണ് മരിച്ചത്. ടിപി കൊലക്കേസിൽ സിപിഎം നേതാക്കളിലേക്ക് എത്താനുള്ള ഏക കണ്ണിയായിരുന്നു കുഞ്ഞനന്തൻ. കണ്ണൂരിലെ എല്ലാ രാഷ്ട്രീയ കൊലപാതകങ്ങളിലും കൊന്നവർ കൊല്ലപ്പെട്ടിട്ടുണ്ടന്നും കെ.എം. ഷാജി കൊണ്ടോട്ടിയിൽ മുസ്‌ലീം ലീഗ് വേദിയിൽ പറഞ്ഞു.

ലീഗ് പ്രവർത്തകനായിരുന്ന ഫസലിന്‍റെ കൊലപാതകക്കേസിലെ മൂന്ന് പ്രതികളും മൃഗീയമായി കൊല്ലപ്പെടുകയുണ്ടായി. കുറച്ചു ആളുകളെ കൊല്ലാൻ വിടും. അവർ കൊലപാതകം നടത്തി തിരിച്ചുവരും. ഇവരിൽനിന്ന് രഹസ്യം ചോരുമോ എന്ന ഭയം വരുമ്പോൾ കൊന്നവരെ കൊല്ലും. ഫസൽ കൊലകേസിലെ മൂന്നു പേരെ കൊന്നത് സിപിഎമ്മാണ്. ഷുക്കൂർ കൊലപാതക കേസിലെ പ്രധാന ​പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നും കെ.എം. ഷാജി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചുവരികയായിരുന്ന 13-ാം പ്രതി പി.കെ. കുഞ്ഞനന്തൻ 2020 ജൂണിലാണ് മരിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സക്കിടയിലായിരുന്നു മരണം. കേസിൽ അറസ്റ്റിലായിരുന്ന എന്‍ജിഒ യൂണിയൻ മുൻ നേതാവ് സി.എച്ച്. അശോകൻ അസുഖത്തെ തുടർന്ന് മരിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളെല്ലാം വാടകക്കൊലയാളികളാണ്. എന്തായാലും കെ.എം. ഷാജിയുടെ ആരോപണത്തോട് സിപിഎം പ്രതികരിച്ചേ മതിയാകൂ.