‘സിപിഎം സെമിനാർ ചീറ്റിപ്പോയ വാണം; റിയാസ് ആദ്യം റോഡ് നന്നാക്കട്ടെ’: കെ മുരളീധരന്‍ എംപി

Jaihind Webdesk
Sunday, July 16, 2023

 

കോഴിക്കോട്: ഏകീകൃത സിവില്‍ കോഡില്‍ സിപിഎം സംഘടിപ്പിച്ച സെമിനാർ ചീറ്റിപ്പോയ വാണമെന്ന് കെ മുരളീധരൻ എം പി. ബിജെപിയുടെ ബി ടീമാണ് കേരളത്തിലെ സിപിഎം. ക്ഷണിക്കപ്പെട്ട സംഘടനകളിലെ മുതിർന്ന നേതാക്കൾക്ക് പകരം പങ്കെടുത്തത് പ്രതിനിധികൾ ആണ്. ജനപങ്കാളിത്തം ഉണ്ടെന്ന് അവകാശപ്പെടാനാവില്ല. സെമിനാറിൽ മുസ്‌ലിം വനിതകളുടെ പങ്കാളിത്തം ഉണ്ടായിട്ടില്ല. സിപിഎം സമ്മേളനം പോലെ കൊടിവെച്ച വാഹനത്തിൽ ആളെ എത്തിച്ചാണ് സെമിനാർ നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കോൺഗ്രസ് നടത്തുന്ന ജനസദസിലേക്ക് സിപിഎമ്മിനെ ക്ഷണിക്കില്ല.  വ്യക്തി നിയമത്തിലെ പരിഷ്കരണം ഇപ്പോൾ ചർച്ചയാക്കേണ്ട വിഷയമല്ല. മന്ത്രി മുഹമ്മദ്‌ റിയാസ് വിമർശന മുന്നയിക്കുന്നതിന് പകരം ആദ്യം റോഡ് നന്നാക്കട്ടെയെന്നും കെ മുരളീധരൻ കുറ്റപ്പെടുത്തി.

“എന്തൊക്കെയായിരുന്നു ബിഎംബിസി റോഡ്, ആന, കുതിര, ആകാശപാത… ഇപ്പോൾ ഭൂമിയിൽ കൂടി നടക്കാൻ കഴിയാത്തതുപോലെ റോഡ് കുണ്ടും കുഴിയുമായി” – കെ മുരളീധരന്‍ പറഞ്ഞു.

എൻഡിഎ ഘടകകക്ഷി നേതാവ് സിപിഎം സെമിനാറിൽ പങ്കെടുത്തപ്പോൾ എൻഡിഎയുമായി സിപിഎമ്മിന്‍റെ ബന്ധം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.