കെ. കരുണാകരന്‍റെ 106 ആം ജന്മദിനം; ജനനേതാവിന്‍റെ സ്മരണകളില്‍ നാടും നാട്ടുകാരും

Jaihind Webdesk
Friday, July 5, 2024

 

ലീഡര്‍ കെ. കരുണാകരന്‍റെ ജന്മശതാബ്ദിയാണിന്ന്. ആധുനിക കേരളത്തിന് പുതിയ വികസന ദിശാബോധം നല്‍കിയ ജനനേതാവിന്‍റെ സ്മരണകളിലാണ് നാടും നാട്ടുകാരും. ലീഡറോര്‍മകളുടെ മഴയില്‍ നനയുകയാണ് കേരളം. സ്മരണകളുടെ നെരിപ്പോടിന് ചുറ്റും തീ കായുവാനിരിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്‍റെ കടലിരമ്പം കേള്‍ക്കാം. സാര്‍ത്ഥകമായ സുരഭില ജീവിതത്തിന്‍റെ നിറഭേദങ്ങള്‍ കാണാം. ചിത്രകാരനായിരുന്നു കെ.കരുണാകരന്‍. എന്നാല്‍ ജന മനസിന്‍റെ എഞ്ചിനീയറിംഗ് വശമുള്ള ഒരു മാജിക്കുകാരന്‍ കൂടിയായിരുന്നു അദ്ദേഹം. സുദീര്‍ഘമായ രാഷ്ട്രീയ ജീവിതത്തില്‍ അദ്ദേഹം എത്രയോ അദ്ഭുതങ്ങള്‍ കാട്ടിയിരിക്കുന്നു. ശൂന്യമായ ക്യാന്‍വാസില്‍ ചിലതൊക്കെ കോറിയിടുമ്പോള്‍ തെളിയുന്നത് എതിരാളികള്‍ പോലും അമ്പരക്കുന്ന ചിത്രമിഴിവ്. ചിലരുടെ തലവര തന്നെ മാറ്റി മറിയ്ക്കും ആ രാഷ്ട്രീയ വരകള്‍. അപ്പോഴും കണ്ണിറുക്കിയുള്ള ചിരിയിലൂടെ വീണ്ടും വിസ്മയിപ്പിക്കും കെ.കരുണാകരന്‍. അതുകൊണ്ടാകാം തിരഞ്ഞെടുപ്പുകളില്‍ ആര് ജയിച്ചാലും ലീഡ് ചെയ്യുക ലീഡറുടെ വാക്കുകളായിരിക്കും.

കണ്ണൂര്‍ ചിറക്കല്‍ തെക്കേടത്ത് രാമുണ്ണി മാരാരുടെയും കണ്ണോത്ത് കല്യാണി മാരസ്യാരുടെയും മകനായി 1918 ജൂലെെ 5 നായിരുന്നു കരുണാകരന്‍റെ ജനനം. കണ്ണില്‍ വെള്ളം നിറയുന്ന രോഗം മൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ടി വന്നു. പിന്നീട് പത്താം ക്ലാസ് വരെ പഠിച്ചെങ്കിലും പരീക്ഷ എഴുതാനായില്ല. അതിനുശേഷമാണ് ചിത്രകല അഭ്യസിക്കാനായി തൃശൂരിലേക്ക് പോയത്. കെ.കരുണാകരന്‍ എന്ന രാഷ്ട്രീയ നേതാവ് ഉരുവം കൊണ്ട, രൂപവും ഭാവവും നേടിയ തട്ടകമായി തൃശൂര്‍ മാറി.
1936 ല്‍ കോണ്‍ഗ്രസ് അംഗമായ കരുണാകരന്‍റെ പ്രവര്‍ത്തനരംഗം തൊഴിലാളി പ്രസ്ഥാനമായിരുന്നു. 1942 ല്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. 1945 ല്‍ തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറായാണ് ആദ്യ തിരഞ്ഞെടുപ്പ് ജയം. ഐഎന്‍ടിയുസിയുടെ പ്രഥമ ജനറല്‍ സെക്രട്ടറിയായ അദ്ദേഹം 1960 ല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റുമായി. 1969 ല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായി.

ആറു പതിറ്റാണ്ടിലേറെക്കാലം കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന ലീഡര്‍ 1977 മുതല്‍ വിവിധ കാലങ്ങളിലായി നാലു തവണ മുഖ്യമന്ത്രിയും ഒരു തവണ കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രിയുമായി. 1965 ല്‍ മാളയില്‍ നിന്നാണ് ആദ്യമായി നിയമസഭയില്‍ എത്തിയത്. അതിന് മുന്‍പ് 1948 ല്‍ ഒല്ലൂക്കരയില്‍ നിന്ന് പ്രജാ മണ്ഡലത്തിലേക്കും 1954 ല്‍ മണലൂരില്‍ നിന്ന് തിരു-കൊച്ചി നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1996ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ വി.വി. രാഘവനോട് തോറ്റതാണ് തിരഞ്ഞെടുപ്പ് ചരിത്രത്തിലെ പ്രധാന തോല്‍വി. ആധുനിക കേരളത്തിന് തന്‍റെ ഭരണമികവ് കൊണ്ട് മുദ്ര ചാര്‍ത്തിയ നേതാവായിരുന്നു കെ. കരുണാകരന്‍. പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളുടെ ജീവിതത്തില്‍ ഏറ്റവും അധികം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്‍റെ ഭരണകാലത്താണ്. സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്‍റിലൂടെ നിരവധി പേര്‍ സര്‍ക്കാര്‍ സര്‍വീസിലേക്ക് കടന്നു വന്നു. നെടുമ്പാശേരി വിമാനത്താവളം, കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം, ഗോശ്രീ പാലം, ടെക്‌നോ പാര്‍ക്ക് തുടങ്ങി ഇന്ന് കേരളത്തിന്‍റെ അഭിമാന സ്തംഭങ്ങിലെല്ലാം ദീര്‍ഘവീക്ഷണമുള്ള ആ ഭരണാധികാരിയുടെ സ്വപ്നങ്ങളുടെ പൂര്‍ണിമ കാണാം.

കരുത്തനായ ലീഡറിലെ ആഭ്യന്തരമന്ത്രിയെ എഴുപതുകളില്‍ കേരളം കണ്ടു. വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും നക്‌സലിസത്തിനെതിരെ അദ്ദേഹം സ്വീകരിച്ച നടപടികള്‍ വിട്ടുവീഴ്ചയില്ലാത്തതായിരുന്നു. ഇന്ത്യയിലെ മുന്നണി രാഷ്ട്രീയത്തിന്‍റെ ആചാര്യനാണ് കെ. കരുണാകരന്‍. വ്യത്യസ്ത വീക്ഷണങ്ങളുള്ള പാര്‍ട്ടികളെ ഒരുമിച്ച് ചേര്‍ത്ത് ഒരു മുന്നണിയുണ്ടാക്കി കാറ്റും കോളും നിറഞ്ഞ രാഷ്ട്രീയ കാലാവസ്ഥയിലും ഭരണയാനം തുഴഞ്ഞ് മറുകരയെത്തിക്കുന്ന ലീഡറുടെ മികവ് ഏതൊരു രാഷ്ട്രീയ വിദ്യാര്‍ത്ഥിക്കും മികച്ച ഒരു പാഠപുസ്തകമാണ്. ,കാലം ഇനിയും കലണ്ടര്‍ താളുകളെ ചവറ്റുകുട്ടയിലെറിയും. ഋതുഭേദങ്ങളൊക്കെ പതിവ് തെറ്റിക്കും. പക്ഷേ, ലീഡര്‍ മാത്രം ഏഴഴകോടെ ജനഹൃദയങ്ങളില്‍ ജീവിക്കും.