ലീഡർ… പകരക്കാരനില്ലാത്ത അമരക്കാരൻ

B.S. Shiju
Saturday, December 22, 2018

കണ്ണോത്ത് കരുണാകരൻ എന്ന ഏവരുടെയും പ്രിയപ്പെട്ട ലീഡർ ഒരു യുഗമായിരുന്നു. വേർപാടിന്റെ എട്ടാം വർഷത്തിലും ഓർമകളിൽ നിറയുന്ന ലീഡറുടെ നിറഞ്ഞ ചിരി ഓരോ കോൺഗ്രസ് പ്രവർത്തകനും കാലങ്ങൾക്കപ്പുറം നെഞ്ചിലേറ്റിയതാണ്. ചടുലമായ രാഷ്ട്രീയ കരുനീക്കങ്ങൾക്കൊപ്പം ക്ഷണനേരത്തിൽ തീരുമാനമെടുക്കാനും അത് നടപ്പാക്കാനുമുള്ള കഴിവാണ് കരുണാകരനെന്ന സാധാരണ കോൺഗ്രസ് പ്രവർത്തകനെ കേരളത്തിന്റെ ലീഡറാക്കിയത്. തന്ത്രങ്ങൾ മെനഞ്ഞ് എതിരാളികളെ നിഷ്പ്രഭരാക്കാനുള്ള അദ്ദേഹത്തിന്റെ നിപുണതയെ രാഷ്ട്രീയകേരളം നോക്കിനിന്നിട്ടുണ്ട്. ഇതൊക്കെ തന്നെയാണ് കെ കരുണാകരന് സംസ്ഥാനത്തിന്റെ രാഷ്ട്രീയ ഭരണചരിത്രത്തിൽ വേറിട്ട ഇടംനേടിക്കൊടുത്തത്.

1967-ൽ ഒമ്പത് അംഗങ്ങളുമായി നിയമസഭയിൽ പ്രതിപക്ഷത്തിരുന്ന് യുദ്ധം നയിച്ച കെ കരുണാകരൻ കാട്ടിയ രാഷ്ട്രീയ കൈയടക്കം എതിരാളികളേയും ആരാധകരേയും ഒരുപോലെ വിസ്മയിപ്പിച്ചു. തകർച്ചയിൽ നിന്ന് പാർട്ടിയെ വീണ്ടെടുത്ത കരുണാകരൻ പിന്നീട് കാലത്തിനൊപ്പം കേരളത്തെ മുന്നോട്ട് ചലിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അസാമാന്യ ഭരണപാടവത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും ശബ്ദിക്കുന്ന തെളിവുകളാണ് നെടുമ്പാശേരി വിമാനത്താവളവും കലൂർ രാജ്യാന്തര സ്റ്റേഡിയവും. ഐ.എൻ.ടി.യു.സിയിലൂടെ രാഷ്ട്രീയരംഗത്തേക്കും പിന്നീട് കോൺഗ്രസിന്റെ അമരത്തേക്കും എത്തിയ കരുണാകരൻ രാഷ്ട്രീയ ഭീഷ്മാചാര്യ പദവിക്കപ്പുറം കിംഗ് മേക്കറാകുന്നതും രാജ്യം കണ്ടു. നെഹ്‌റു കുടുംബത്തിന്റെയും ഇന്ദിരാ പ്രിയദർശിനിയുടെയും ഏറ്റവും വിശ്വസ്തരായ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. രാജീവ് ഗാന്ധിയുടെ മരണത്തിന് ശേഷം പ്രധാനമന്ത്രിപദത്തിലേക്ക് ആരെത്തുമെന്ന ചോദ്യത്തിനും മറുപടിയായത് ലീഡറുടെ തീരുമാനത്തിലൂടെയായിരുന്നു. നരസിംഹറാവുവിനെ പ്രധാനമന്ത്രിപദത്തിൽ എത്തിച്ച അദ്ദേഹത്തിന്റെ ചാണക്യബുദ്ധിയാണ് പ്രതിസന്ധിയുടെ ഘട്ടത്തിലും ദേശീയതലത്തിൽ കോൺഗ്രസിനെ മുന്നോട്ടുനയിച്ചത്.
പാർട്ടിയുടെ താഴേതട്ടിൽ നിന്നും ഉയർന്ന ലീഡർ നാല് തവണയാണ് കേരളത്തിന്റെ മുഖ്യമന്ത്രിപദം അലങ്കരിച്ച് ഭരണത്തിൽ നടുനായകത്വം വഹിച്ചത്. തികഞ്ഞ ഈശ്വരവിശ്വാസിയായ അദ്ദേഹം ഇടതുപ്രത്യയശാസ്ത്രത്തിലൂന്നിയ ബുദ്ധിജീവി രാഷ്ട്രീയത്തെയും നക്‌സൽ പ്രസ്ഥാനങ്ങളെയും തന്റെ നയചാതുരിയും രാഷ്ട്രീയ ബുദ്ധികൂർമതയും ചേർത്ത് പരാജയപ്പെടുത്തുമ്പോൾ, കെ കരുണാകരൻ പൊതുസമൂഹത്തിന് കൂടി പ്രിയങ്കരനായ ആഭ്യന്തരമന്ത്രിയായി മാറി. പിന്നീട് ഏറെ പഴി കേട്ടെങ്കിലും വരുംകാലത്ത് കേരളത്തിന്റെ വികസന മുന്നേറ്റത്തെ തുരങ്കംവെച്ചേക്കാവുന്ന നക്‌സൽ പ്രസ്ഥാനത്തിന്റെ വേരറുത്ത അദ്ദേഹം രാഷ്ട്രീയകേരളത്തിന്റെ മുടിചൂടാമന്നനായി മാറുകയായിരുന്നു. ഇന്ത്യൻ രാഷ്ട്രീയത്തിന് മുന്നിൽ മുന്നണിരാഷ്ട്രീയത്തിന്റെ ആദ്യ പാഠങ്ങൾ പകർന്നുനൽകിയ നേതാവുകൂടിയായിരുന്നു അദ്ദേഹം. കേരളത്തെ മുന്നണിരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാക്കി വിജയിപ്പിച്ചുകൊണ്ടാണ് ലീഡർ അത് തെളിയിച്ചത്. ഐക്യമുന്നണി രൂപീകരണത്തിന്റെ പ്രയോക്താവും വക്താവുമായിരുന്നു അദ്ദേഹം.

ജനങ്ങളുടെ ഹൃദയത്തുടിപ്പിനൊപ്പം നിലയുറപ്പിച്ച ലീഡർ ഉദ്യോഗസ്ഥർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു. ബ്യൂറോക്രസിയുടെ പൽച്ചക്രങ്ങൾക്കിടയിൽപ്പെട്ട് മന്ത്രിസഭയുടെ നയങ്ങൾക്ക് കോട്ടം വരാത്ത രീതിയിലുള്ള ഭരണപാടവത്തിലെ ക്രാന്തദർശിത്വമാണ് അദ്ദേഹത്തിന്റെ ഭരണകാലയളവിൽ ഉടനീളം ദൃശ്യമായിരുന്നത്. മുഖ്യമന്ത്രിപദവിക്ക് പുറമെ പാർലമെന്ററി രംഗത്ത് കേന്ദ്രമന്ത്രിപദവിയും അദ്ദേഹത്തെ തേടിയെത്തി. പാർട്ടിയിലെ സമുന്നതനേതൃത്വനിരയായ പ്രവർത്തകസമിതിയിലും അദ്ദേഹത്തിന് അംഗത്വമുണ്ടായിരുന്നു. ലീഡറും അദ്ദേഹത്തിന്റെ ചടുലതയും എന്നും കോൺഗ്രസിനും പ്രവർത്തകർക്കും ആവേശമായിരുന്നു. പകരംവെക്കാനില്ലാത്ത നേതൃപാടവവും തികഞ്ഞ ബുദ്ധിവൈഭവവും കൊണ്ട് കാലം തീർത്ത അസാമാന്യപ്രതിഭ ചരിത്രത്തിലേക്ക് മടങ്ങിയപ്പോൾ കോൺഗ്രസിനും ഇന്ത്യൻ രാഷ്ട്രീയത്തിനും നികത്താനാവാത്ത നഷ്ടമാണ് സംഭവിച്ചത്. ഇനി ഇങ്ങനെയൊരാൾ ഈ വഴി വരില്ല…