പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഇരയാക്കപ്പട്ട കെ കെ ഹര്‍ഷിന വീണ്ടും സമരത്തില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് ഹര്‍ഷിന ആരോപിക്കുന്നു.ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് വാക്ക് പാലിച്ചില്ലെന്നും ഹര്‍ഷിന പറയുന്നു. കോഴിക്കോട് കലക്ടറേറ്റിനു മുന്നിലാണ് ഹര്‍ഷിനയുടെ സമരം
എട്ടുവര്‍ഷം മുമ്പ് ഉണ്ടായ ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്ന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുകയാണ് ഹര്‍ഷിന. സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗത്തുനിന്നുണ്ടായ പിഴവായിരുന്നിട്ട് കൂടി നഷ്ടപരിഹാരം നല്‍കുകയോ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഇത് സംബന്ധിച്ച നിയമ പോരാട്ടവും നടക്കുകയാണ്. അതിനിടെയാണ് വീണ്ടും ഹര്‍ഷിന സമരത്തിന് ഇറങ്ങിയത്. ഹര്‍ഷിനയുടെ സമരം കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
2017 നവംബര്‍ 30ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ ആര്‍ട്ടറിഫോര്‍സെപ്‌സ് കുടുങ്ങിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. 2017 ജനുവരി 27ന് തലവേദനയെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നിഗമനം. അന്നത്തെ സ്‌കാനിങ് പരിശോധനയില്‍ കണ്ടെത്താതിരുന്ന ലോഹവസ്തുവാണ് 5 വര്‍ഷത്തിനുശേഷം ഹര്‍ഷിനയുടെ വയറ്റില്‍നിന്ന് കണ്ടെത്തിയത്