പാര്‍ലമെന്റ് സമ്മേളനം തുടങ്ങി ആദ്യ ദിവസം തന്നെ ഉപരാഷ്ട്രപതി ജഗദീപ് ധങ്കര്‍ ഉപരാഷ്ട്രപതി രാജിവച്ചത് ദുരൂഹമാണെന്ന് എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് രാജിയെന്നാണ് അദ്ദേഹം പറയുന്നത്. അതിനെ മാനിക്കുന്നു. പക്ഷേ ഇന്നത്തെ പരിപാടികളൊക്കെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നൊരാള്‍ പെട്ടെന്ന് രാജിവച്ച് പോകുന്നത് സ്വാഭാവികമല്ലെന്ന് അദ്ദേഹം ആരോപിച്ചു.
നമ്മുടെ രാജ്യത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ വിചിത്രമാണ്. പ്രധാനമന്ത്രി വിദേശത്ത് ആയിരിക്കുമ്പോള്‍ പാര്‍ലമെന്റ് സമ്മേളനം നടക്കുന്നു. അതിന്റെ ആദ്യ ദിനം തന്നെ ഉപരാഷ്ട്രപതി രാജിവയ്ക്കുന്നു. കേവലം ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മാത്രമാണ് അദ്ദേഹം രാജിവച്ചതെന്ന് കരുതുക അസാധ്യമാണ്. ജഗദീപ് ധങ്കറിനെ ആരും ഫോണില്‍ വിളിച്ചിട്ട് പോലും കിട്ടുന്നില്ല. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പറയാന്‍ വിളിക്കുന്നവരുടെ ഫോണുകള്‍ പോലും അദ്ദേഹം എടുക്കുന്നില്ല.
കേരളത്തില്‍ ഓരോ ദിനവും വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയരായി നോക്കി നില്‍ക്കുമ്പോള്‍ ഇതൊന്നും ഒട്ടും ബാധിക്കുന്ന വിഷയമല്ല എന്ന മനോഭാവമാണ് കേന്ദ്ര സര്‍ക്കാരിന്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് ഇക്കാര്യം വിശദമായി സഭയില്‍ ഉന്നയിച്ചതാണ്. കേന്ദ്ര മന്ത്രിയോട് വിഷയം ഉന്നയിച്ചപ്പോള്‍ ഉത്തരവാദിത്തം മുഴുവന്‍ സംസ്ഥാന സര്‍ക്കാരിനാണ് എന്ന രീതിയിലാണ് അദ്ദേഹം സംസാരിച്ചത്. ഓരോ ദിവസവും ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. സംസ്ഥാന സര്‍ക്കാര്‍ അതിനുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കണം. അതിനുപകരം വിഷയം ഉന്നയിക്കുന്നവരെ കളിയാക്കുന്ന സമീപനമാണ് സംസ്ഥാന മന്ത്രിക്ക്. ജോസ് കെ മാണിയെ പോലും ഇതിന്റെ പേരില്‍ പരിഹസിക്കുന്ന സാഹചര്യമുണ്ടായി. ഈ പാര്‍ലമെന്റ് സെക്ഷനിലും കോണ്‍ഗ്രസ് ഈ വിഷയം ശക്തമായി അവതരിപ്പിക്കും.